താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: ജില്ലയില്‍ നാളെ ഡോക്ടർമാർ പണിമുടക്കും

news image
Oct 8, 2025, 1:07 pm GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമെന്നും ഞെട്ടിക്കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. ശക്തമായ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഡോക്ടര്‍മാര്‍. നാളെ കോഴിക്കോട് ജില്ലയിലെ അത്യാഹിത വിഭാഗത്തിലൊഴികെയുള്ള ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വന്ദന ദാസിന്റെ മരണ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്നും ഇതേ തുടര്‍ന്നാണ് പ്രതിഷേധത്തിനൊരുങ്ങുന്നത് എന്നും കെജിഎംഒഎ സംസ്ഥാന അധ്യക്ഷൻ ഡോ പി കെ സുനിൽ മാധ്യമങ്ങളോട് പറഞ്ഞു. എക്സ് സർവ്വീസ് ഉദ്യോഗസ്ഥരെയാണ് സെക്യൂരിറ്റി പോസ്റ്റിൽ നിയമിക്കേണ്ടത് എന്നാൽ പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ആശുപത്രികളിൽ സിഎസ്എഫിന് സമാനമായ സംസ്ഥാനത്തിന്റെ സേനയെ വിന്യസിക്കുമെന്നും എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്തുകൊണ്ട് സംഘടനയ്ക്ക് സര്‍ക്കാര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഉറപ്പ് പാലിക്കപ്പെടാതെ പോകുന്നു എന്ന ചോദ്യം നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതൊക്കെ തീരുമാനിച്ചത്. എന്നാൽ നാളിതുവരെ ആയിട്ടും ഇതൊന്നും നടപ്പിലാക്കിയില്ല. ഇതിന്റെ പ്രതിഷേധ സൂചകമായി നാളെ കോഴിക്കോട് ജില്ലയിലെ എല്ലാ ഡോക്ടര്‍മാരും പണിമുടക്കും. സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത് പണിമുടക്ക് സംസ്ഥാന തലത്തിലാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.’ ഡോ പി കെ സുനിൽ വ്യക്തമാക്കി

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. മൂര്‍ച്ചയുള്ള കൊടുവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

‘മകളെ കൊന്നവനല്ലേ..’ എന്ന് ചോദിച്ചാണ് പ്രതി ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കുഞ്ഞിനോ കുടുംബത്തിനോ ഒരു തരത്തിലും നീതികിട്ടില്ലെന്നും ഇയാള്‍ പറഞ്ഞതായാണ് വിവരം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് കുട്ടി അമീബിക് മസ്തിഷ്‌ക ജ്വര ബാധയെ തുടര്‍ന്ന് മരിച്ചത്. പിന്നാലെ കുട്ടിയ്ക്ക് ചികിത്സ നല്‍കിയതുമായി ബന്ധപ്പെട്ട് താമരശേരി താലൂക്ക് ആശുപത്രിയിൽ പിഴവുണ്ടായെന്ന് കുടുംബം ആരോപിച്ചിരുന്നു. പനി കൂടിയതിനെ തുടര്‍ന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe