ആലപ്പുഴ∙ കായംകുളം ചേരാവള്ളിയിൽ മാല മോഷണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മർദനമേറ്റ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. ചേരാവള്ളി കോയിക്കൽ കിഴക്കത്തിൽ താസിക്കുന്ന കാരക്കോണം സ്വദേശി കുന്നത്ത് കോയിക്കപ്പടീറ്റതിൽ സജി എന്ന ഷിബു ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. അയൽവാസിയായ കുട്ടി വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ സ്വർണം ഊരിയെടുത്ത് മേനാത്തേരിയിൽ ഉള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതറിഞ്ഞ് കുട്ടിയുടെ പിതാവ് ചോദ്യം ചെയ്യാൻ എത്തിയപ്പോൾ ഉണ്ടായ തർക്കമാണ് മരണത്തിൽ കലാശിച്ചത്.
തർക്കത്തെ തുടർന്ന് കുട്ടിയുടെ പിതാവ് ഇയാളെ മർദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം അയൽവാസികൾ ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള ആളാണ് സജി. മരണകാരണം ഹൃദയാഘാതം ആണോ മർദനമാണോ എന്നത് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അറിയാൻ കഴിയൂ. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏഴു പേർക്കെതിരെയാണ് കേസ്. ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്.