പയ്യോളി: തെരുവുനായ വിഷയത്തിൽ നഗരസഭ അലംഭാവം കാണിക്കുന്നു എന്ന് ആരോപിച്ച് നായയുടെ ആക്രമണത്തിന് വിധേയനായ പൊതുപ്രവർത്തകൻ എം സമദിന്റെ കുത്തിയിരിപ്പ് സമരം നഗരസഭ കാര്യാലയത്തിന് മുമ്പിൽ ആരംഭിച്ചു.
ഇന്ന് രാവിലെ തെരുവ് നായയുടെ ആക്രമണത്തിൽ കാലിനും തലയ്ക്കും പരിക്കേറ്റ് പയ്യോളിയിലെയും കൊയിലാണ്ടിയിലേയും ആശുപത്രികളിൽ നിന്ന് ചികിത്സ ലഭിച്ചശേഷം നേരെ നഗരസഭാ കാര്യാലത്തിന് മുമ്പിൽ എത്തി സമരം ആരംഭിക്കുകയായിരുന്നു.
തലക്കേറ്റ പരിക്കിനെ തുടർന്ന് ആറ് തുന്നൽ ഇടേണ്ടി വന്നിട്ടുണ്ട്. വിശ്രമിക്കണമെന്ന് ഡോക്ടറുടെ നിർദ്ദേശം നിലവിലെ സാഹചര്യത്തിൽ പാലിക്കാൻ കഴിയില്ലെന്നും മറ്റൊരാൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ഈ പോരാട്ടം എന്നും എം സമദ് ‘പയ്യോളി ഓൺലൈൻ’ നോട് പറഞ്ഞു. ഇദ്ദേഹത്തിന് പിന്തുണയുമായി സ്ത്രീകളടക്കമുള്ള നിരവധിപേർ പിന്തുണയുമായി രംഗത്തുണ്ട്.
സ്ഥലത്തെത്തിയ നഗരസഭ ചെയർമാൻ വി. കെ. അബ്ദുറഹിമാനുമായി നേരിട്ട് സംസാരിച്ചെന്നും ജില്ലാ ഭരണകൂടത്തെ സമീപിക്കാനാണ് മറുപടി ലഭിച്ചതെന്നും എം സമദ് പറഞ്ഞു.