തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കും കാറ്റിനുമാണ് സാധ്യയയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വരും മണിക്കൂറുകൾക്കുള്ളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഒക്ടോബർ പകുതിക്ക് ശേഷം തുലാവർഷം ആരംഭിക്കുമെന്നാണ് സൂചന. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇക്കുറി മെച്ചപ്പെട്ട തുലാമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
സംസ്ഥാനത്ത് ഇത്തവണ ഏഴുദിവസം നേരത്തേ മൺസൂൺ ആരംഭിച്ചിരുന്നു. മേയ് 24 മുതലാണ് ഇക്കുറി മൺസൂൺ എത്തിയത്.
ഇന്ന് പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്.