രക്തം കുത്തിയെടുത്ത് കൈമാറും, യുവാക്കൾക്കിടയിൽ പുതിയ ലഹരി ഉപയോഗ രീതി; ആശങ്കയായി ബ്ലൂടൂത്തിംഗ്

news image
Oct 11, 2025, 12:22 pm GMT+0000 payyolionline.in

സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി. ദിനംപ്രതി കൂടി വരുന്ന വ്യത്യസ്തവും ഭയാനകവുമായ ലഹരി ഉപയോഗ കേസുകള്‍ ലോകത്താകെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. ലഹരി ഉപയോഗം വ്യക്തികളില്‍ ശാരീരികവും മാനസികവുമായി ആഘാതങ്ങള്‍ക്ക് വഴിവെക്കുന്നു. ഇപ്പോഴിതാ ആ ആശങ്ക വീണ്ടും വര്‍ധിപ്പിച്ച് പുതിയ ഒരു ലഹരി ഉപയോഗ പ്രവണത കൂടി യുവാക്കൾക്കിടയിൽ പടരുകയാണ്. ബ്ലൂടൂത്തിംഗ് എന്നാണ് ഈ പുതിയ ലഹരി ഉപയോഗ രീതിയുടെ പേര്. ഇത് എയ്ഡ്‌സ് ഉള്‍പ്പടെയുള്ള നിരവധി അസുഖങ്ങള്‍ ആളുകളിലേക്ക് പടരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

എന്താണ് ബ്ലൂടൂത്തിംഗ് ?

ലഹരി ഉപയോഗിച്ച വ്യക്തിയില്‍ നിന്ന് രക്തം സിറിഞ്ച് വഴി കുത്തിയെടുത്ത് സ്വന്തം ശരീരത്തിലേക്ക് കുത്തി വെക്കുന്ന പ്രക്രിയയെയാണ് ബ്ലൂടൂത്തിംഗ് എന്ന് പറയുന്നത്. ഇത് ആദ്യത്തെ വ്യക്തി ഉപയോഗിച്ച ലഹരിയുടെ എഫക്ട് രണ്ടാമത്തെ ആളിലേക്ക് പകരുന്നു. അമിത വിലയില്‍ ലഹരി വാങ്ങാന്‍ കഴിയാതെ വരുമ്പോഴാണ് പലരും ഈ പ്രവണതയിലേക്ക് കടക്കുന്നത്. എന്നാല്‍ ഈ പ്രവണത സാധാരണ ലഹരി ഉപയോഗത്തെക്കാള്‍ പതിന്മടങ്ങ് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഹെറോയിന്‍ മെത്താംഫെറ്റാമൈന്‍ എന്നിവയാണ് ഇത്തരത്തില്‍ കുത്തിവയ്ക്കപ്പെടുന്ന ലഹരികള്‍

അപകട സാധ്യതകൾ

എച്ച്ഐവി പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒന്നാണ് ബ്ലൂടൂത്തിംഗ്. രണ്ടാമത്തെ അപകട സാധ്യത രണ്ട് വ്യത്യസ്ത രക്തഗ്രൂപ്പുകള്‍ തമ്മില്‍ കലരുന്നതാണ്. ഇത് ഗുരുതരമായ പ്രതികരണങ്ങള്‍ക്ക് കാരണമായേക്കാം. ഇത് കൂടാതെ ഹെപ്പറ്റൈറ്റിസ് ബി, സി. രക്തവും സൂചികളും പങ്കിടുന്നതിലൂടെ ഉണ്ടാകുന്ന സെപ്സിസും മറ്റ് ജീവന് ഭീഷണിയായ അണുബാധകള്‍ക്കും സാധ്യതകളുണ്ടാകാം. കൃത്യമായ ബോധവത്കരണത്തിലൂടെ മാത്രമേ ബ്ലൂടൂത്തിംഗ് തടയാനാകൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe