ന്യൂഡൽഹി: ജമ്മുകശ്മീരിലെ കേന്ദ്രസർക്കാറിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അംഗത്വം നൽകിയത്. കനയ്യ കുമാർ ഉൾപ്പെടെയുള്ള അംഗങ്ങൾ എ.ഐ.സി.സി ആസ്ഥാനത്തുണ്ടായിരുന്നു.
കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസ് ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്താണ് കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്ന് രാജിവെച്ചത്. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ പൗരൻ എന്ന നിലയിൽ നിശ്ശബ്ദനായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അതുമാത്രമല്ല, നോട്ടുനിരോധനമടക്കം കേന്ദ്രസർക്കാറിന്റെ പല നയങ്ങളിലും രൂക്ഷവിമർശനമുന്നയിക്കുകയും ചെയ്തു.
തുടർന്ന് കേന്ദ്രസർക്കാറിന്റെ പ്രതിഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ കുറ്റപത്രം നൽകി. അതിനു പിന്നാലെയാണ് കണ്ണൻ ഗോപിനാഥൻ ദാദ്ര നഗർ ഹവേലിയിലെ ഊർജ സെക്രട്ടറി പദവി രാജിവെച്ചത്. അതിനു ശേഷം രാജ്യത്ത് നടന്ന സി.ഐ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും സജീവമായിരുന്നു.
2012 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥൻ. കണ്ണൻ ഗോപിനാഥന് പിന്നാലെ ജമ്മുകശ്മീരിലെ നയങ്ങളിൽ പ്രതിഷേധിച്ച് മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തിലും രാജിവെച്ചിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്ന ശശി കാന്ത് സെന്തിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത് എന്നതും ശ്രദ്ധേയം.