ഓപ്പറേഷൻ സിന്ദൂർ: വൻ വെളിപ്പെടുത്തലുമായി ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ്; ‘പാകിസ്ഥാൻ്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടു’

news image
Oct 15, 2025, 1:45 am GMT+0000 payyolionline.in

ദില്ലി: ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനെതിരായ ശക്തമായ മറുപടിയായിരുന്നെന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ആക്രമണത്തിൽ നൂറിലധികം പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അസാധാരണമായ മരണാനന്തര ബഹുമതികളുടെ എണ്ണത്തിൽ നിന്ന് പാകിസ്ഥാന്റെ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സൈനിക മേധാവികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് 9 നും 10നും ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങൾ ആക്രമിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. പാകിസ്ഥാൻ ഡ്രോണുകൾ നിരന്തരം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെത്തുടർന്നാണ് പാക് വ്യോമതാവളങ്ങൾ ആക്രമിച്ചത്. പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. അതിൽ എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു. ഒരു സി-130 വിമാനം, ഒരു എഇഡബ്ല്യു&സി വിമാനവും, അഞ്ച് യുദ്ധവിമാനങ്ങളും തകർത്തെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ എഫ്-16, ജെഎഫ്-17 അടക്കമുള്ള യുദ്ധവിമാനങ്ങൾ തകർത്തതായി ഇതിനുമുമ്പ്, എയർ ചീഫ് മാർഷൽ എ.പി. സിംഗ് സ്ഥിരീകരിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്ത് ഇന്ത്യൻ നാവികസേനയും അറബിക്കടലിൽ അതീവ ജാഗ്രതയിലായിരുന്നുവെന്നും പാകിസ്ഥാൻ കൂടുതൽ മുന്നോട്ട് പോയിരുന്നുവെങ്കിൽ, കടലിലും കരയിലും അവർക്ക് വലിയ നാശമുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe