തിരുവനന്തപുരം: ഡി.എൻ.എ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ സെൻസസിൽ കേരളത്തിൽ കണ്ടെത്തിയത് 2,785 കാട്ടാനകളെ. രാജ്യത്താകെ 22,446 കാട്ടാനകളാണുള്ളതെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആനകളുടെ എണ്ണത്തിൽ കേരളത്തിന് നാലാം സ്ഥാനമാണ്. രാജ്യത്താകെയുള്ള ആനകളുടെ 12.40 ശതമാനവും ഭൂവിസ്തൃതിയിൽ ഏറെ പിന്നിലുള്ള കേരളത്തിലാണെന്നതാണ് ശ്രദ്ധേയം.
ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം കർണാടകയാണ്. ഇവിടെ 6,013 ആനകളാണുള്ളത്. തൊട്ടുപിന്നിൽ അസമും തമിഴ്നാടുമാണ്. ഇവിടങ്ങളിൽ യഥാക്രമം 4,159ഉം 3,136ഉം ആനകളുണ്ട്. കേരളത്തിന് തൊട്ടുപിന്നിലുള്ള ഉത്തരാഖണ്ഡിൽ 1,792 ആനകളാണുള്ളത്. കേരളം, തമിഴ്നാട്, കർണാടക എന്നിവ ഉൾപ്പെടുന്ന പഞ്ചിമഘട്ട മേഖലയിലാകെ 11,934 ആനകളാണുള്ളത്. 2017ലെ സെൻസസിൽ രാജ്യത്ത് മൊത്തം 27,312 ആനകളുണ്ടായിരുന്നു. ഇപ്പോഴത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 18 ശതമാനത്തിന്റെ കുറവാണുള്ളത്.
2023ൽ കേരള വനം വകുപ്പ് നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്ത് 1920 ആനകളെയാണ് കണ്ടെത്തിയത്. 2017ലെ കേന്ദ്രീകൃത കണക്കെടുപ്പിലെ 5,706 ആനകളിൽ നിന്നും വലിയ കുറവുവന്നത് കണക്കിലെ സുതാര്യതയില്ലായ്മയാണെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ആന പിണ്ഡത്തിന്റെ ഡി.എൻ.എ അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുന്നതിൽ അർഥമില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിലപാട്.
കഴിഞ്ഞ പത്തുവർഷത്തിനിടെ കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 210 പേരാണ്. ഏറ്റവും കൂടുതൽ മരണം 2021 -22 കാലയളവിലാണ്. അന്ന് 35 ജീവനുകളാണ് കട്ടാന അപഹരിച്ചത്. പാമ്പ് കഴിഞ്ഞാൽ മനുഷ്യർക്ക് ഏറ്റവും കൂടുതൽ ജീവനാശം വിതക്കുന്ന ജീവി കാട്ടാനയാണ്.