പെരുമ്പാവൂര്‍: മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും പണവുമായി രണ്ട് മാസം മുമ്പ് മുങ്ങിയയാൾ കാമുകിയെ വിവാഹം ചെയ്തു. വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കഴിയുകയായിരുന്ന ഇയാളെ കണ്ടെത്തി.
പൊലീസ് ഉപദേശിച്ചിട്ടും സ്ത്രീയെ പിരിയാന്‍ ഇയാൾ തയാറായില്ല. പണവും സ്വര്‍ണവും ചേർത്ത് അഞ്ചു ലക്ഷത്തിന്റെ മുതലുമായി വിവാഹത്തിന് ഒരു മാസം മാത്രമുള്ളപ്പോഴാണ് ഇയാള്‍ നാടുവിട്ടത്. നിശ്ചയിച്ചിരുന്ന പ്രകാരം വിവാഹം നടത്താന്‍ വരന് തയാറായി.
വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന മകളുടെ അഭ്യര്‍ഥന അംഗീകരിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇത് ഇയാള്‍ അംഗീകരിച്ചു. ഇയാള്‍ക്കൊപ്പം കൂടിയ സ്ത്രീക്ക് കാനഡയില്‍ ഭര്‍ത്താവുണ്ടെന്നാണ് വിവരം. കമിതാക്കള്‍ തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായെന്ന സൂചനയും പൊലീസിന് ലഭിച്ചു.