അഹമ്മദാബാദ്: ഗുജറാത്തിലെ 16 മന്ത്രിമാരും രാജിവെച്ചു. മുഖ്യമന്ത്രിയൊഴികെ മറ്റ് മന്ത്രിമാരാണ് രാജിവെച്ചത്. ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി തുടരും. നാളെ 12.39ന് പുതിയ മന്ത്രിസഭ അധികാരമേൽക്കും. പുതിയ കാബിനറ്റിൽ 10 മന്ത്രിമാർ ഉണ്ടാകുമെന്ന സൂചന ബി.ജെ.പി നൽകി.
പഴയ മന്ത്രിസഭയിലെ റിഷികേശ് പട്ടേൽ, മുകേഷ് പട്ടേൽ, ഭൂപേന്ദ്രസിൻഹ ചുഡാസാമ എന്നിവർസ്ഥാനം നിലനിർത്തുമെന്ന് റിപ്പോർട്ട്. കാനുഭായി ദേശായി, രാഘവ്ജി പട്ടേൽ, കുൻവാരിജി ബാവലിയ, മുരുഭായ് ബേന എന്നിവർക്കാണ് സ്ഥാനം നഷ്ടമായത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങിന് സാക്ഷികളായെത്താൻ നാളെ ഗുജറാത്തിലെത്തും.
മുഖ്യമന്ത്രിയുടെ വീട്ടിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിന് പിന്നാലെയാണ് മന്ത്രിമാരുടെ രാജിയുണ്ടായിരിക്കുന്നത്. ഇരുവരും മന്ത്രിമാരെ വ്യക്തപരമായി കണ്ട് ചർച്ച നടത്തിയിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് സംസ്ഥാന നേതാക്കൾ എം.പിമാരെ അറിയിച്ചുവെന്നാണ് വിവരം.
ഇന്ന് രാത്രിയോടെ ഗവർണറെ കണ്ട് രാജിക്കത്തുകൾ മുഖ്യമന്ത്രിക്ക് നൽകും. നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഗവർണറെ ക്ഷണിക്കുകയും ചെയ്യും.