പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മേൽശാന്തിയായി ചാലക്കുടി കൊടകര വാസപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇ.ഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. നിലവിൽ മൂന്നുവർഷത്തോളമായി ആറേശ്വരം ശ്രീധർമ ശാസ്ത ക്ഷേത്രത്തിലെ പൂജാരിയാണ്.
മാളികപ്പുറം മേൽശാന്തിയായ കൊല്ലം കൂട്ടിക്കട സ്വദേശി എം.ജി മനു നമ്പൂതിരിയെയും തെരഞ്ഞടുത്തു.
ശനിയാഴ്ച രാവിലെ ഹൈകോടതിയുടെ മേൽനോട്ടത്തിലാണ് പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമ ശബരിമല മേൽശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 14 പേരിൽ നിന്നാണ് ഇ.ഡി പ്രസാദിനെ അടുത്ത ഒരു വർഷത്തെ മേൽശാന്തിയായി തെരഞ്ഞെുത്തത്. പട്ടികയിലെ ഒൻപതാമത്തെ പേരുകാരനാണ് അദ്ദേഹം.
മൈഥിലി വർമയാണ് മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുത്തത്. 13 പേരുടെ ചുരുക്കപട്ടികയിൽ നിന്നാണ് മാളികപ്പുറം മേൽശാന്തിയുടെ തെരഞ്ഞെടുപ്പ്.
വൃശ്ചികം മുതൽ ഒരു വർഷക്കാലത്തെ ശബരിമലയിലെയും മാളികപ്പുറത്തെയും കർമങ്ങൾക്ക് നിയുക്ത മേൽശാന്തിമാർ നേതൃത്വം നൽകും.
ഏറെ സന്തോഷം നൽകുന്നാണ് പുതിയ നിയോഗമെന്ന് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ഇ.ഡി പ്രസാദ് പ്രതികരിച്ചു. എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്നും, സ്വപ്നം യാഥാർത്ഥ്യമായ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. അത്യപൂർവ ഭാഗ്യമായി കരുതുന്നുവെന്നും, ഉത്തരവാദിത്തം ഭംഗിയായും ആത്മാർത്ഥമായും ചെയ്യണമെന്നാണ് താൽപര്യമെന്നും എം.എം മനു നമ്പൂതിരി പ്രതികരിച്ചു.