പൊലീസുകാരനായ ഭർത്താവ് അറിയാതെ ഓൺലൈൻ വായ്പ ഇടപാടുകൾ; 50 ലക്ഷം കടം വീട്ടാൻ കവർച്ച; ഒടുവിൽ കൊലപാതകം

news image
Oct 18, 2025, 10:07 am GMT+0000 payyolionline.in

പത്തനംതിട്ട:  കീഴ്‌വായ്പൂരിൽ വീട്ടമ്മയായ ലതാകുമാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സുമയ്യ ഓണ്‍ലൈന്‍ വായ്പാ ആപ് ഇടപാടുകളിലും ഓൺലൈൻ ഓഹരി വ്യാപാരത്തിലും സജീവമായിരുന്നുവെന്ന് പൊലീസ്. ഭര്‍ത്താവും കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഇർഷാദ് അറിയാതെയായിരുന്നു സുമയ്യയുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍. 50 ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതോടെ കടംവീട്ടാന്‍ കണ്ടെത്തിയ വഴിയാണ് മോഷണവും കൊലപാതകവും. സുഹൃത്തു കൂടിയായ ലതാകുമാരിയോട് ഒരു ലക്ഷം രൂപ വായ്പ ചോദിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. തുടർന്ന് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ലതാകുമാരി നൽകിയില്ല. ഇതോടെയാണ് സുമയ്യ കവര്‍ച്ചയ്ക്കു പദ്ധതി തയാറാക്കിയത്മല്ലപ്പള്ളി പഞ്ചായത്ത് 11–ാം വാർഡിലെ ആശാ പ്രവർത്തകയായ ലതാകുമാരിക്ക് ഒരുവർഷം മുൻപുണ്ടായ പക്ഷാഘാതത്തിന്റെ ഫലമായി ആരോഗ്യക്കുറവുണ്ടായിരുന്നു. അതുകൊണ്ട് ലതയെ എളുപ്പത്തിൽ കീഴ്‌പ്പെടുത്താമെന്നായിരുന്നു സുമയ്യയുടെ കണക്കുകൂട്ടല്‍. ഏഴുമാസം പ്രായമുള്ള ഇളയ കുട്ടിയുമായാണ് കൃത്യം നിറവേറ്റുന്നതിനായി സുമയ്യ പുളിമലയിലെ ലതാകുമാരിയുടെ വീട്ടിലെത്തിയത്. ലതയുടെ ഭര്‍ത്താവ് കീഴ്‌വായ്പൂരില്‍ ജനസേവാകേന്ദ്രം നടത്തുന്ന രാമന്‍കുട്ടി വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കുട്ടിയെ അടുത്ത മുറിയില്‍ കിടത്തിയ ശേഷം ലതയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. തുടർന്ന് കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. രണ്ടരപ്പവന്റെ മാലയും ഓരോ പവൻ വീതമുള്ള 3 വളകളും എടുത്തശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.ഗുരുതരമായി പരുക്കേറ്റ ലതാകുമാരിയെ ആദ്യം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുമയ്യയാണ് തീവച്ചതെന്നും തന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും ഇവിടെവച്ച് കീഴ്‌വായ്പൂര് സബ് ഇൻസ്പെക്ടർ കെ. രാജേഷിന് ലതാകുമാരി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുമയ്യയെ പൊലീസ് നിരീക്ഷണത്തിൽ കോഴഞ്ചേരിയിലെ മഹിളാസദനത്തിലാക്കി. 11ന് വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരും പൊലീസ് നായയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് അധികൃതരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്നുതന്നെ, ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിലും വ്യക്തമായ തെളിവു ലഭിച്ചതോടെ സുമയ്യയാണ് കൃത്യം നടത്തിയതെന്ന് ഉറപ്പിച്ചു. ലതാകുമാരിയുടെ മോഷണം പോയ സ്വർണാഭരണങ്ങൾ പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയുടെ ഫ്ലഷ് ടാങ്കിൽനിന്ന് കണ്ടെത്തിയിരുന്നു. ലതാകുമാരിയുട‌െ സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ. മകൾ: താര ദ്രൗപദി (യുകെ). മരുമകൻ: കൊട്ടാരക്കര സുജിത്‌ഭവനിൽ സുജിത് (യുകെ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe