ന്യൂഡൽഹി: എൻജിനീയറിങ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ 2026ന്റെ പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി, ഏപ്രിൽ മാസങ്ങളിലായി രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ. പരീക്ഷകളുടെ താൽക്കാലിക തീയതികളും പ്രഖ്യാപിച്ചു. ഒന്നാം ഘട്ടം ജനുവരി 21 മുതൽ 30 വരെയും രണ്ടാം ഘട്ടം ഏപ്രിൽ 1 മുതൽ 10 വരെയും നടക്കും. ജനുവരിയിലെ ഒന്നാം ഘട്ട പരീക്ഷക്ക് എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.ac.in വഴി ഈ മാസം തന്നെ അപേക്ഷ സമർപ്പിക്കാം. രണ്ടാം ഘട്ട പരീക്ഷയുടെ അപേക്ഷകൾ ജനുവരിയിൽ സമർപ്പിക്കാം.
ഭിന്നശേഷിക്കാർക്ക് പ്രത്യേക വ്യവസ്ഥകൾ ലഭ്യമാക്കുമെന്ന് എൻ.ടി.എ അറിയിച്ചു. ആധാർ കാർഡിലെയും സ്കൂൾ സർട്ടിഫിക്കറ്റുകളിലെയും അക്ഷരത്തെറ്റുകൾപോലുള്ള പൊരുത്തക്കേടുകൾ നേരിടുന്ന വിദ്യാർഥികൾക്ക് അപേക്ഷാ പ്രക്രിയയിൽ അവ പരിഹരിക്കാനുള്ള അവസരം ലഭിക്കും. എൻ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടികൾ), കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങൾ തുടങ്ങിയവയിലെ വിവിധ ബിരുദതല എൻജിനീയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കൂടുതൽ വിവരങ്ങൾക്ക്: nta.ac.in, jeemain.nta.nic.in, ഇ മെയിൽ: [email protected], ഫോൺ: 91-11-40759000