ട്രെയിൻ യാത്രകളിൽ ആളുകൾ ചിലപ്പോൾ വിലപ്പെട്ട ചില വസ്തുക്കളെല്ലാം മറന്നു വയ്ക്കാറുണ്ട്. അത് വാച്ചാകാം, പഴ്സാകാം അങ്ങനെ എന്തുമാവാം. ചിലർ അത് കണ്ടെത്താനായി സോഷ്യൽ മീഡിയയിൽ പോസ്റ്റിടും. ചിലരാവട്ടെ അധികൃതരോട് തന്നെ ഇങ്ങനെ സാധനങ്ങൾ കളഞ്ഞുപോയതായി പരാതിപ്പെടും. അതുപോലെ ഒരനുഭവം വന്ദേ ഭാരതിൽ യാത്ര ചെയ്യുകയായിരുന്ന ഒരാൾക്കുമുണ്ടായി. അതിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കയാണ്. ട്രെയിനിലെ ബാത്ത്റൂമിൽ തന്റെ വാച്ച് മറന്നുവയ്ക്കുകയായിരുന്നു യാത്രക്കാരൻ. അത് എങ്ങനെയാണ് തിരികെ കിട്ടിയത് എന്നാണ് പോസ്റ്റിൽ പറയുന്നത്.
ചെന്നൈയിൽ നിന്നുള്ള ന്യൂറോ സർജനാണ് യാത്രക്കാരൻ. സംഭവത്തെക്കുറിച്ച് X (ട്വിറ്റർ) ലാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഒക്ടോബർ 17 -ന് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു. എഗ്മോർ സ്റ്റേഷനിൽ എത്തിയപ്പോഴാണ്, തന്റെ വാച്ച് അബദ്ധത്തിൽ ട്രെയിനിലെ ബാത്ത്റൂമിൽ വച്ചിട്ട് പോന്നതായി മനസിലാക്കുന്നത്. പുലർച്ചെ 12:28 -ന്, തന്റെ പിഎൻആർ നമ്പർ, കോച്ച്, സീറ്റ് വിശദാംശങ്ങളുമടക്കം റെയിൽമഡാഡ് വെബ്സൈറ്റിൽ പരാതി നൽകി. 40 മിനിറ്റിനുള്ളിൽ വാച്ച് തിരികെ കിട്ടി എന്നും പോസ്റ്റിൽ പറയുന്നു.
12:31 am – പരാതി സ്ഥിരീകരിച്ചുകൊണ്ട് റെയിൽവേ ഹെൽപ്പ് ലൈനിൽ നിന്ന് കോൾ വന്നു.
12:34 am – റെയിൽവേ ഹെൽപ്പ് ലൈനിൽ നിന്ന് SMS ലഭിച്ചു.
12:49 am – ട്രെയിൻ യാർഡിലേക്ക് പോയെന്നും പരിശോധിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പറഞ്ഞ് RPF -ൽ നിന്ന് ഒരു കോൾ വന്നു.
01:12 am – വാച്ചിന്റെ രണ്ട് ഫോട്ടോകളടക്കം ഒരു വാട്ട്സ്ആപ്പ് മെസ്സേജ് ലഭിച്ചു.
01:13 am – വാച്ച് കണ്ടെത്തിയെന്നും അത് നിങ്ങളുടേത് തന്നെയാണോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞ് RPF -ൽ നിന്ന് രണ്ടാമത്തെ കോൾ ലഭിച്ചു.
താൻ നൽകിയത് പരാതി പോലുമല്ല. റെയിൽവേയുടെ ഭാഗത്ത് നിന്നും ഒരു പ്രശ്നവും സംഭവിച്ചില്ല. തന്റെ അശ്രദ്ധ കാരണമാണ് വാച്ച് മറന്നത്. എന്നിട്ടും 40 മിനിറ്റിൽ ഒരുപാട് ജീവനക്കാർ പ്രവർത്തിക്കുകയും തന്റെ വാച്ച് തിരികെ കിട്ടുകയും ചെയ്തുവെന്നും യുവാവ് പറയുന്നു. റെയിൽവേയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിന് നിരവധിപ്പേർ കമന്റുകൾ നൽകി.