മുംബൈയിൽ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണം രൂക്ഷം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദീപാവലി ആഘോഷം കഴിഞ്ഞിട്ടും പടക്കം പൊട്ടിക്കൽ തുടരുന്നതാണ് നിലവിലെ അവസ്ഥക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അന്തരീക്ഷ മലിനീകരണത്തിനോടോപ്പം നഗരത്തിലെ താപനിലയും വർധിച്ചതോടെ ആരോഗ്യമേഖല ജാഗ്രതയിലാണ്. മുംബൈ നഗരം വായുമലിനീകരണത്തിൽ മോശം അവസ്ഥയിൽ തുടരുന്നതിനിടെയാണ് ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട പടക്കം പൊട്ടിക്കലും, പൂത്തിരി കത്തിക്കലും അന്തരീക്ഷത്തെ കൂടുതൽ മലിനമാക്കിയത്.
മുംബൈയിൽ മറൈൻ ലൈൻസ് , ഗേറ്റ് വേ, ജൂഹു, ബാന്ദ്ര തുടങ്ങിയ ഐകോണിക് കേന്ദ്രങ്ങളിലെല്ലാം ദീപാവലി ആഘോഷ നിറവിലാണ്. ബാന്ദ്ര കുർള കോംപ്ലെക്സിലാണ് വായുമലിനീകരണം ഏറ്റവും രൂക്ഷമായത്. തൊട്ട് പിന്നാലെ കൊളാബ നേവി നഗർ, ദേവ്നാർ , വിലെ പാർലെ അന്ധേരി തുടങ്ങിയ മേഖലകളിലും മോശം അവസ്ഥയാണ് റിപ്പോർട്ട് ചെയ്യുന്നത്. അന്തരീക്ഷ മലിനീകരണത്തിനോടൊപ്പം മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും താപനിലയും കൂടുതലാണ് രേഖപ്പെടുത്തിയത്.
