മൊസാംബികിലെ ബെയ്റ തുറമുഖത്തുണ്ടായ കപ്പൽ അപകടത്തിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ സംസ്കാരം നടന്നു. പുലർച്ചെ മുംബൈയിൽ നിന്ന് കൊച്ചിയിൽ എത്തിച്ച മൃതദേഹം റോഡ് മാർഗം ശ്രീരാഗിന്റെ വീട്ടിൽ എത്തിച്ചു. തുടർന്ന് വീട്ടുവളപ്പിൽ പൊതുദർശനം ഉണ്ടായിരുന്നു.
കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് ശ്രീരാഗിനെ അവസാനമായി കാണാൻ എത്തിയത്.
11 മണിയോടെ സംസ്കാര ചടങ്ങുകൾ തറവാട്ട് വളപ്പിൽ നടന്നു. ഈ മാസം പതിനാറിന് ആണ് ക്രൂ ചേഞ്ചിന് ഇടയിൽ ശക്തമായ തിരമാലയിൽ പെട്ട് ശ്രീരാഗ് ഉൾപ്പടെ ഉള്ളവർ കടലിൽ വീണത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും ആറു മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് മക്കളുമുണ്ട്.
ഇന്ത്യക്കാരുൾപ്പെടെ 21-അംഗ സംഘം സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഇതിൽ 15 പേർ രക്ഷപ്പെടുകയും 3 പേർ മരണപ്പെടുകയുമായിരുന്നു. ആറുമാസമായി നാട്ടിലുണ്ടായിരുന്ന ശ്രീരാഗ് തിരികെ പോയി ദിവസങ്ങൾക്കകമാണ് കുടുംബത്തെ തേടി ദുരന്ത വാർത്ത തേടിയെത്തിയത്.
