പാക്കേജുകളുടെ വിതരണം വേഗത്തിലാക്കാനും ഫോണിനെ ആശ്രയിക്കുന്നത് കുറക്കാനുമായി ഡെലിവറി ഡ്രൈവർമാർക്ക് എ.ഐ സ്മാർട്ട് ഗ്ലാസ് നൽകാനൊരുങ്ങി ആമസോൺ. ഡെലിവറികൾ വേഗത്തിലും മികച്ച രീതിയിലും പൂർണമായും ഹാൻഡ്സ്-ഫ്രീ ആയും ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാൻ എ.ഐ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട്ട് ഗ്ലാസുകൾ തങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആമസോൺ വെളിപ്പെടുത്തി.
ഫോൺ പുറത്തെടുക്കാതെ തന്നെ പാക്കേജുകൾ സ്കാൻ ചെയ്യാനും ഉപഭോക്താവിനടുത്തേക്കുള്ള വഴി മനസ്സിലാക്കാനും ഡെലിവറി ചെയ്തതിന്റെ തെളിവുകൾ രേഖപ്പെടുത്താനും ഈ ഗ്ലാസുകൾ ഡ്രൈവർമാരെ സഹായിക്കും. എ.ഐ സെൻസിങ് ടെക്നോളജി, കമ്പ്യൂട്ടർ, റിയൽ-ടൈം ഇൻഫർമേഷൻ എന്നിവയുടെ സംയോജിത പ്രവർത്തനത്തിലൂടെ ഡെലിവറി കൃത്യമായി പൂർത്തീകരിക്കാൻ ഇത്തരം ഗ്ലാസുകൾ സഹായിക്കും.
കാര്യക്ഷമത വർധിപ്പിക്കുന്നതോടൊപ്പം ഫ്ലാറ്റ് നമ്പർ കണ്ടെത്തുന്നതും ഏറെ എളുപ്പമാകും. മുന്നറിയിപ്പ് ബട്ടണും മാറ്റാനാകുന്ന ബാറ്ററിയും കൺട്രോളറുകളും ഘടിപ്പിച്ചിട്ടുള്ള ഡെലിവറി വെസ്റ്റ് ഗ്ലാസിന്റെ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. വിപണിയിൽ എത്തുന്നതിനു മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ
വടക്കേ അമേരിക്കയിലെ ഡെലിവറി പ്രവർത്തനങ്ങളിൽ എ.ഐ ഗ്ലാസുകൾ ഉപയോഗിക്കുന്നുണ്ട്.
