എറണാകുളം: എറണാകുളത്ത് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസിലെ യോഗത്തിനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇറങ്ങിപ്പോക്ക്. സിപിഐ മന്ത്രിമാരടക്കമുളളവർ യോഗത്തിന് എത്തിയിരുന്നു. കൃഷി, സിവിൽ സപ്ലൈസ്, ധനകാര്യം, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിമാരാണ് ഉണ്ടായിരുന്നത്. യോഗത്തിനെത്തിയ മുഖ്യമന്ത്രി മില്ലുടമകളില്ലെന്ന് പറഞ്ഞ് ഇറങ്ങി പോവുകയായിരുന്നു. നാളെ വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്ത് യോഗം നടത്താമെന്ന് സിപിഐ മന്ത്രിമാരടക്കമുളളവരെ അറിയിച്ചു.
നാളത്തെ മന്ത്രിസഭാ യോഗത്തിനുശേഷമാണ് സിപിഐ മന്ത്രിമാരുൾപ്പെട്ട യോഗം വിളിച്ചിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽ കേരളം ചേര്‍ന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന് സിപിഐ അറിയിച്ചിരുന്നു. മന്ത്രിമാർക്കുപുറമേ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരും ഇന്ന് കൊച്ചിയിൽ യോഗത്തിനെത്തിയിരുന്നു. സിപിഐയോടുളള അതൃപ്തിയാണ് യോഗം മാറ്റിവയ്ക്കാൻ കാരണമെന്ന് സൂചന.
