സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്

news image
Oct 29, 2025, 5:37 am GMT+0000 payyolionline.in

തിരുവനന്തപുരം: പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്. യു.ഡി.എസ്.എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നിവയാണ് സമ്പൂർണ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. യൂനിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. പി എം ശ്രീക്കെതിരെ യോജിച്ച പോരാട്ടങ്ങൾ എന്ന നിലയിലാണ് സമരം യുഡിഎസ്എഫിന്റെ പേരിൽ നടത്താൻ തീരുമാനിച്ചത്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധവും സംഘടിപ്പിക്കും. പിന്നാലെ ഈ മാസം 31 ന് ദേശീയപാത ഉപരോധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞദിവസം കെഎസ്‌യുവും എംഎസ്എഫും മന്ത്രിയുടെ ഓഫീസിലേക്ക് വെവ്വേറെ മാർച്ച്നടത്തിയിരുന്നു.

പി.എം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറുക, എൻ.ഇ.പി കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് നഈം ഗഫൂർ അറിയിച്ചു. പി.എം ശ്രീയിൽ ചേരുന്നത് വിദ്യാലയങ്ങളെ സംഘ്പരിവാർവത്ക്കരിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടക്ക് തലവെച്ചുകൊടുക്കലാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ആരോപിച്ചു. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ പോലും തടഞ്ഞുവെച്ച് ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെയും ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.

സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരു പോലെ അവകാശമുള്ള ഭരണഘടനയുടെ കൺകറൻ്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിനെ കേന്ദ്രത്തിൻ്റെ അധികാര പരിധിയിലാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനോടനുബന്ധിച്ചാണ് വിദ്യാഭ്യാസ നയത്തെ അടിച്ചേൽപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ തടഞ്ഞുവെക്കുന്നതും പി.എം ശ്രീയിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും. വിദ്യാഭ്യാസ ഫണ്ടുകളും മറ്റും തരില്ലെന്ന കേന്ദ്ര സർക്കാറിൻ്റെ തിട്ടൂരത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. കുട്ടികൾക്ക് അവകാശപ്പെട്ട 1466 കോടി രൂപ വെറുതെ എന്തിനാ കളയുന്നത് എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വങ്കത്തരം മാത്രമാണ്. ഇങ്ങനെയാണേൽ കേന്ദ്രം 2000 കോടി തരാമെന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കാൻ തയ്യാറാകുമോ? ഗവർണറുടെ സംഘ്പരിവാർ നയങ്ങൾക്കെതിരെ കേരളത്തിലുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുള്ള എസ്.എഫ്.ഐ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സർക്കാറിന്റെയും പ്രത്യക്ഷത്തിൽ തന്നെയുള്ള ഈ സംഘ്പരിവാർ വിധേയത്വത്തിന് മുന്നിൽ കാണിക്കുന്ന ബോധപൂർവമായ മൗനത്തെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ ചൂണ്ടിക്കാട്ടി.

അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ ഇന്ന് നിര്‍ണായക മന്ത്രിസഭായോഗം ചേരും. യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നേക്കുമെന്നാണ് സൂചന. രാവിലെ ചേരുന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിപിഐ തീരുമാനമെടുക്കുക. 2017 ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്ന ശേഷം സിപിഐ മുന്നണിയില്‍ കടുത്ത നിലപാടെടുക്കുന്നത് ഇതാദ്യമായാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe