റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കി ഹൈക്കോടതി. ഗവേഷക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന കേസിൽ മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥകളാണ് റദ്ദാക്കിയത്. വേടന് വിദേശയാത്രയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി, കേരളം വിടരുതെന്ന വ്യവസ്ഥ റദ്ദാക്കി.
എല്ലാ ഞായറാഴ്ചയും രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയും റദ്ദാക്കി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലെ ഇളവില്‍ പറയുന്നു. രാജ്യം വിടുന്നുവെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.കേരളത്തിന് പുറത്തുപോകരുതെന്നതടക്കമുള്ള എറണാകുളം സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വേടൻ ഹൈക്കോടതിയെ സമീപിച്ചത്. ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാൻ അനുമതി നൽകണമെന്നും വേടന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
