കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. പി വി എസ് ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് വാക്കേറ്റവും സംഘർഷവുമുണ്ടായത്. മര്‍ദനത്തില്‍ പ്രതിഷേധിച്ച് പെരുമണ്ണ- പന്തീരാങ്കാവ് വഴി കോഴിക്കോട് നഗരത്തിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ മിന്നല്‍ പണിമുടക്കിലാണ്.
കോഴിക്കോട് നഗരത്തില്‍ പി വി എസ് ആശുപത്രിക്ക് മുന്‍വശത്തെ ബസ് സ്റ്റോപ്പിന് സമീപം ബസില്‍ കയറി വിദ്യാര്‍ഥികള്‍ മര്‍ദിച്ചു എന്നാണ് ജീവനക്കാരുടെ പരാതി. ഇന്നലെ റോഡില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികൾ നീങ്ങിനിൽക്കാൻ ബസ് ഡ്രൈവർ ഹോണടിച്ചിരുന്നു. ഇത് തര്‍ക്കത്തിൽ കലാശിച്ചു. തുടർന്നാണ് ഇന്ന് രാവിലെ ഈ ബസ് വിദ്യാര്‍ഥികള്‍ തടഞ്ഞത്.
സംഘര്‍ഷത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ക്കും ഒരു യാത്രക്കാരിക്കും പരുക്കേറ്റു. അതേസമയം, ബസില്‍ കയറ്റാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പെരുമണ്ണ- പന്തീരാങ്കാവ് വഴി കോഴിക്കോടേക്ക് സര്‍വീസ് നടത്തുന്ന 35-ഓളം സ്വകാര്യ ബസുകള്‍ മര്‍ദനത്തില്‍ പ്രതിഷേധിച്ച് സമരത്തിലാണ്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            