സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷെർഷാദിനെ റിമാൻഡ് ചെയ്തു.എറണാകുളം സി ജെ എം കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രതിയെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും. 40 ലക്ഷം രൂപ തട്ടിയ കേസിലാണ് വ്യവസായി മുഹമ്മദ് ഷെർഷാദിനെ 14 ദിവത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി പൊലീസ് ചോദ്യം ചെയ്യും. ചെന്നൈ വടപളനിയിൽ നിന്ന് ഇന്നലെയാണ് എറണാകുളം സൗത്ത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഷെർഷാദ് ഡയറക്ടറായ കമ്പനിയിൽ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തി എന്നാണ് കേസ്. കൊച്ചി സ്വദേശികളായ ഒരാളിൽ നിന്ന് 30 ലക്ഷവും മറ്റൊരാളിൽ നിന്നും 10 ലക്ഷവും തട്ടിയെടുത്ത ശേഷം മുങ്ങി എന്നായിരുന്നു പരാതി.
സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഇയാൾ വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രവാസി വ്യവസായി രാജേഷ് കൃഷ്ണ ക്കെതിരെ ഇയാൾ നൽകിയെന്ന് പറയുന്ന പരാതിയുടെ ചുവട് പിടിച്ചായിരുന്നു വിവാദം. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
