അംബാനി കുടുംബം താമസിക്കുന്ന പാലി ഹിൽസും ഡൽഹിയിലെ റിലയൻസ് സെന്ററും ഉൾപ്പെടെ 3000 കോടി രൂപയുടെ 40 സ്വത്തു വകകൾ ഇ.ഡി കണ്ടു കെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പിനെതിരെ അന്വേഷണം നടന്ന് വരികയായിരുന്നു.
നോയിഡ, ഗാസിയാബാദ്, മുംബൈ, പുനെ, താനെ, ഹൈദരാബാദ്, കാഞ്ചീപുരം എന്നിവിടങ്ങളിലെ സ്വത്തു വകകളും കണ്ടു കെട്ടിയിട്ടുണ്ട്. ഇ.ഡി നടപടിയിൽ കമ്പനി പ്രതികരിച്ചിട്ടില്ല. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡും റിലയൻസ് കൊമേഴ്സ് ഫിനാൻസ് ലിമിറ്റഡും സ്വരൂപിച്ച പബ്ലിക് ഫണ്ട് വക മാറ്റി, കള്ളപ്പണം വെളുപ്പിച്ചു എന്നിവയാണ് കമ്പനിക്കു മേലുള്ള കേസ്.
2017-19 കാലയളവിൽ യെസ് ബാങ്ക് ഫിനാൻസ് ഹോം ലിമിറ്റഡിൽ 2695 കോടിയും കൊമേഴ്സ് ഫിനാൻസിൽ 2,045 കോടിയും നിക്ഷേപിച്ചുവെന്നും എന്നാൽ 2019 ഡിസംബറോടെ ഇത് നിഷ്ക്രിയ നിക്ഷേപമായി മാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. ഫിനാൻസ് ഹോം ലിമിറ്റഡിന് 1984 കോടി രൂപയും കൊമേഴ്സ്യൽ ഫിനാൻസിന് 1984 കോടി രൂപയും കുടിശ്ശിക ഉണ്ടെന്നാണ് റിപ്പോർട്ട്.
സെബിയുടെ മ്യൂച്വൽ ഫണ്ട് ചട്ടക്കൂട് പ്രകാരം അനിൽ അംബാനി ഗ്രൂപ്പിന്റെ ധനകാര്യ കമ്പനികളിൽ റിലയൻസ് നിപ്പോൺ മ്യൂച്വൽ ഫണ്ടിന് നിക്ഷേപിക്കാൻ കഴിയില്ല. ഈ നിയമം ലംഘിച്ചുകൊണ്ട് പൊതു ജനങ്ങൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച പണം യെസ് ബാങ്ക് എക്സോപോഷറുകൾ വഴി പരോക്ഷമായി വഴി തിരിച്ചുവിട്ടുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വായ്പക്ക് അപേക്ഷിക്കുന്നതിനു മുമ്പ് തന്നെ ഫണ്ട് അനുവദിച്ചതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
റിലയൻസ് കമ്യൂണിക്കേഷന്റെയും മറ്റ് കമ്പനികളുടെയും വായ്പാതട്ടിപ്പിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഇ.ഡി അറിയിച്ചു. വേണ്ടപ്പെട്ടവർക്ക് പണം നൽകുന്നതിന് ബിൽ ഡിസ്കൗണ്ടിങ് ദുരുപയോഗം ചെയ്തുവെന്നും ഇ.ഡി കണ്ടെത്തി.
