മുളകുപൊടിയിടാത്ത കറികളെക്കുറിച്ച് നമുക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ചിന്തിക്കാനേ സാധിക്കില്ല. എരുവ് കുറച്ച് കൂടിയാലും എരുവില്ലാത്ത ഒരു കറിയോ ഭക്ഷണ വിഭവമോ നമ്മുടെ തീന്മേശയിൽ അപൂർവമായിരിക്കും. എന്നാൽ ഈ മുളകുപൊടി അത്ര നല്ലതല്ല എന്നുള്ള പഠന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
‘ഫ്രോണ്ടിയേഴ്സ് ഇന്‍ ന്യൂട്രീഷന്‍’ ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ആണ് മുളകുപൊടി ആരോഗ്യത്തിന് ഗുണകരമല്ലെന്നുള്ള പഠനങ്ങൾ പുറത്തുവന്നത്. മുളകും എരിവുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് ഗ്യാസ്ട്രോഇന്റസ്റ്റെനല്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായാണ് കണ്ടെത്തൽ. മുളക് പൊടി അധികമായി ഉപയോഗിക്കുന്നതിലൂടെ ആമാശയം, അന്നനാളം, വന്‍കുടല്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ് ഉണ്ടാകാൻ സാധ്യത. മാത്രമല്ല അള്‍സര്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു. മുളകിലടങ്ങിയിരിക്കുന്ന കാപ്സൈസിന് TRPV1 റിസപ്റ്ററുകള്‍ ഉത്തേജിപ്പിക്കപ്പെട്ട് വയറുവേദന, ദഹന അസ്വസ്ഥത, ആസിഡ് റിഫ്ളക്സ് അല്ലെങ്കില്‍ ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകുമെന്നും ഈ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
അലർജി പ്രശ്നങ്ങളും അമിത ഉപയോഗം കൊണ്ട് ഉണ്ടാകാം. മുളകുപൊടിയിലെ ചില സംയുക്തങ്ങള്‍ ചര്‍മ്മം, ചുണ്ടുകള്‍, കണ്ണുകള്‍, തൊണ്ട ഇവിടെയൊക്കെ അലര്‍ജിയുണ്ടാക്കിയേക്കാം. അതേസമയം മുളകുപൊടിയുടെ ഉപയോഗം ദഹനത്തെ ബാധിക്കുകയും മലബന്ധമോ, വയറിളക്കമോ ഗ്യാസോ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നുണ്ടെന്നും പഠനങ്ങൾ പറയുന്നു.
