ഗുരുവായൂർ ക്ഷേത്ര പരിസരത്ത് റീൽസ് ചിത്രീകരിച്ചതിന് ജസ്ന സലീനെതിരെ കേസെടുത്തു. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിലാണ് നടപടി. കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. മാധ്യമങ്ങൾക്ക് അടക്കം കർശന നിയന്ത്രണം ഉള്ള ഭാഗത്താണ് റീൽസ് ചിത്രീകരിച്ചത്. പടിഞ്ഞാറേ നടയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ചെന്നാണ് അഡ്മിനിസ്‌ട്രേറ്ററുടെ പരാതി. ഓഗസ്റ്റ് 28-നാണ് റീൽസ് ചിത്രീകരിച്ചതെങ്കിലും, സമൂഹമാധ്യമത്തിലെ ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നവംബർ അഞ്ചിനാണ് ക്ഷേത്രം അധികൃതർ പരാതി നൽകിയത്.
നേരത്തെയും ഗുരുവായൂരിൽ റിൽസ് ചിത്രീകരിച്ചതിനെ തുടർന്ന് ജസ്നയ്ക്കെതിരെ കേസെടുത്തിരുന്നു. നടയില്‍ നിന്ന് റീല്‍സ് ചിത്രീകരിക്കുകയും കേക്ക് മുറിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടര്‍ന്നായിരുന്നു ഹൈക്കോടതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിത്രീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ നിയന്ത്രണം നിലനില്‍ക്കെയാണ് വീണ്ടും റീല്‍സ് ചിത്രീകരണം.
ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണെന്നും ഇത്തരത്തിൽ ചിത്രങ്ങൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി നിലപാടെടുത്തു.
