കൊച്ചി: പുതിയ വന്ദേഭാരത് എക്സ്പ്രസില്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്ത ബെംഗളൂരു-കൊച്ചി വന്ദേഭാരതില്‍ ഒരാഴ്ച്ചത്തെ ടിക്കറ്റ് വിറ്റുതീര്‍ന്നു. എക്സിക്യൂട്ടീവ് ക്ലാസില്‍ ഒരാഴ്ച്ചത്തെ ടിക്കറ്റ് ബുക്കിംഗ് തീര്‍ന്നപ്പോൾ എ സി ചെയര്‍കാറില്‍ 11, 16,17 തിയതികളില്‍ ടിക്കറ്റില്ല. 13,14 തിയതികളില്‍ ഉടന്‍ ടിക്കറ്റ് തീരുന്ന രീതിയില്‍ ബുക്കിംഗ് കുതിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിക്കുകയായിരുന്നു. ഉദ്ഘോടനയോട്ടത്തില്‍ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ തുടങ്ങിയ സുവനീര്‍ ടിക്കറ്റുള്ളവര്‍ മാത്രമാണ് യാത്രചെയ്തത്.
നവംബര്‍ 11-ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സര്‍വ്വീസ് ആരംഭിക്കും. അതിനായുള്ള ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുളളിലാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. എറണാകുളം-ബെംഗളൂരൂ എസി ചെയര്‍ കാറിന് 1095 രൂപ വരെയും എസ് എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
അതിനിടെ ഉദ്ഘാടനയോട്ടത്തിൽ ട്രെയിനിൽ വെച്ച് ഒരു കൂട്ടം വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേൺ റെയിൽവേ പങ്കുവെച്ചതും വിവാദമായിരുന്നു. ‘എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിൽ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി’, എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമർശനം ഉയർന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയിൽവെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യുകയും വെെകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.
