കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തിയ്യതികളില്‍ കേരളത്തില്‍ തെരെഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ വാർത്താസമ്മേളത്തിൽ പറഞ്ഞു. ജനാധിപത്യ പ്രക്രിയയുടെ പ്രാദേശികതലത്തിലെ ഏറ്റവും നിര്‍ണായകമായ ഈ തെരെഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താനാണ് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ഡിസംബർ 9ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. 6 മണിക്ക് മോക്ക് പോള്‍ നടത്തും. ഫലം പ്രഖ്യാപനം ഡിസംബർ 13ന് നടക്കും.
941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ് കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്. ആകെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 തദ്ദേശസ്ഥാപനങ്ങളിലെയും തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ആകെ വോട്ടർമാർ 284 3 0761. ഇതിൽ 2841 പ്രവാസി വോട്ടർമാരാണ്. 33746 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാവും. 100008 പൊളിംഗ് ഉദ്യോഗസ്ഥരും സുരക്ഷ ഒരുക്കാന്‍ 70000 പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടാവും..
തെരഞ്ഞെടുപ്പ് വിജ്ഞാപന തിയതി മുതൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24ഉം ആയിരിക്കും.
സംവരണ വാർഡുകളുടെയും തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും നറുക്കെടുപ്പ് ഒക്‌ടോബർ അവസാനത്തോടെ പൂർത്തിയാക്കി. 2020ൽ കോവിഡ് കാലത്ത് ഡിസംബർ എട്ട്, 10, 14 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്.
