ബോളിവുഡ് നടൻ ധർമ്മേന്ദ്ര മരിച്ചെന്നുള്ള തരത്തിലുള്ള വാർത്തകളെ തള്ളി ഭാര്യ ഹേമ മാലിനിയും മകൾ ഇഷ ഡിയോളും.
മാധ്യമങ്ങളിൽ തെറ്റായ വാർത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് പൊറുക്കാനാകാത്തതാണ്. അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിന്റെ സ്വകാര്യതയ്ക്കും അതിന്റെ ആവശ്യകതയ്ക്കും അർഹമായ ബഹുമാനം നൽകുക എന്നും ഹേമ മാലിനി എക്സിൽ കുറിച്ചു. ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? എന്നും ഇവർ ഈ പോസ്റ്റിൽ പറയുന്നു.അതേസമയം ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും ഇഷ എക്സിൽ കുറിച്ചു. അതോടൊപ്പം ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണമെന്നും അവർ പോസ്റ്റിൽ പറയുന്നു. പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഇഷ എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്രയെ ശ്വാസകോശ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നടൻ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഒടുവിൽ ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. അതേസമയം ആരോഗ്യനില മോശമാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ധർമ്മേന്ദ്രയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
ഷോലെ, ധരം വീർ, ചുപ്കെ ചുപ്കെ, മേരാ ഗാവ് മേരാ ദേശ്, ഡ്രീം ഗേൾ തുടങ്ങിയ ബോളിവുഡിലെ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ധർമേന്ദ്ര. ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച തേരി ബാത്തോം മേം ഐസ ഉൽജാ ജിയ എന്ന ചിത്രത്തിലാണ് ധർമ്മേന്ദ്ര അവസാനമായി അഭിനയിച്ചത്.
