ഡൽഹി സ്ഫോടനം: കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷവും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷവും സഹായധനം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി

news image
Nov 12, 2025, 5:17 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. സ്‌ഫോടനത്തില്‍ അംഗവൈഗല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് ധനസഹായം. എക്‌സ് അക്കൗണ്ടിലൂടെയാണ് രേഖ ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്. ചെറിയ രീതിയിൽ പരിക്കേറ്റവർക്ക് 20,000 രൂപ നൽകും.

സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഡല്‍ഹി സര്‍ക്കാര്‍ ഉറപ്പാക്കുന്നതായി രേഖ ഗുപ്ത അറിയിച്ചു. കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങൾക്ക് മാത്രമല്ല, മുഴുവൻ നഗരത്തേയും നടുക്കിയ സംഭവമായിരുന്നു സ്ഫോടനമെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ അവർ പറഞ്ഞു.

“ഇതൊരു നിർഭാഗ്യകരമായ സംഭവമാണ്. വിഷയം ബന്ധപ്പെട്ട എല്ലാ ഏജൻസികളും അന്വേഷിച്ചുവരികയാണ്. ഇരകളെയും അവരുടെ കുടുംബങ്ങളെയും ആശുപത്രികളിലെത്തി സന്ദർശിച്ചു. എല്ലാവർക്കും മതിയായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.”

സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേരും. വൈകിട്ട് 5.30നാണ് യോഗം.

സംഭവം ഐ.ഇ.ഡി (ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഐ.ഇ.ഡിയിലെ വസ്തുക്കള്‍ കൃത്യമായി സംയോജിപ്പിച്ചിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അതിനാൽ ഐ.ഇ.ഡി സ്‌ഫോടനത്തിന്റെ ആഘാതം പരിമിതപ്പെട്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട്‌ചെയ്യുന്നു.

ഫരീദാബാദിൽ സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയവരുമായി ഉമറിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. സെപ്തംബറിൽ ഈ വാഹനം ഫരീദാബാദിലും മറ്റിടങ്ങളിലും സഞ്ചരിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. ഫരീദാബാദിലെ സംഘവുമായി ഡൽഹി സ്‌ഫോടനത്തിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. കുറ്റക്കാരെ പിടികൂടണമെന്നാണ് അമിത് ഷായുടെ നിർദേശം. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന രജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു.

അതേസമയം, ഹൃദയഭേദകമായ കാഴ്ചകൾക്കാണ് ഡൽഹി എൽ.എൻ.ജെ.പി ആശുപത്രി പരിസരവും മൗലന ആസാദ് മെഡിക്കൽ കോളജ് മോർച്ചറിയും തിങ്കളാഴ്ച രാത്രി മുതൽ സാക്ഷ്യംവഹിച്ചത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ നിസ്സഹായരായി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ഏവരുടെയും ഉള്ളുലക്കുന്നതാണ്.

പരിക്കേറ്റവരെ എൽ.എൻ.ജെ.പിയിലേക്ക് കൊണ്ടുവന്നപ്പോൾ മൃതദേഹങ്ങൾ തൊട്ടടുത്തുള്ള മൗലാന ആസാദ് മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്കാണ് മാറ്റിയത്. ഒമ്പത് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും വിവിധ ശരീരാവശിഷ്ടങ്ങൾകൂടി കണക്കിലെടുത്ത് 13 വരെ ആയേക്കാമെന്നാണ് അധികൃതരുടെ കണക്കൂകൂട്ടൽ. തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങൾ ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കൾ ​കൊണ്ടുപോയി.

യു.പി ഷാംലി സ്വദേശി 22കാരൻ നുഅ്മാൻ അൻസാരി, ബിഹാർ സ്വദേശി ടാക്സി ട്രൈവർ പങ്കജ് ചൗധരി, യു.പി ശ്രാവസ്തി സ്വദേശി ദിനേഷ് കുമാർ മിശ്ര, ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറായ യു.പി അംറോഹ സ്വദേശി അശോക് കുമാർ, ഡൽഹി ശ്രീനിവാസ്പുരി സ്വദേശി 34കാരനായ അമർ കഠാരിയ, യു.പി സ്വദേശി ലോകേഷ് അഗർവാൾ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഷാംലിയിൽ വ്യാപാരിയായ നുഅ്മാൻ ചാന്ദ്നി ചൗക്ക് മാർക്കറ്റിൽനിന്ന് സൗന്ദര്യവർധക വസ്തുക്കൾ വാങ്ങാനെത്തിയപ്പോഴാണ് കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ബന്ധു 21കാരനായ അമന് സ്ഫോടനത്തിൽ പരിക്കേറ്റു. മരണ വിവരം അറിഞ്ഞ് കുടുംബം ചൊവ്വാഴ്ച അതിരാവിലെത്തന്നെ എൽ.എൻ.ജെ.പി ആ​ശുപത്രിയിൽ എത്തി.

പങ്കജ് സൈനി ബിഹാർ സ്വദേശിയാണ്. ചാന്ദ്നി ചൗക്കിൽ യാത്രക്കാരനെ ഇറക്കിവിട്ട ഉടനെയാണ് സ്ഫോടനത്തിൽ കൊല്ല​പ്പെടുന്നത്. ദിനേഷ് കുമാർ മിശ്രയും ചാന്ദ്നിചൗക്കിൽ ക്ഷണക്കത്തുകൾ വിൽക്കുന്ന കടയിൽ ജോലി ചെയ്തുവരുകയായിരുന്നു.

ജോലി കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെ സുഹൃത്തിനെ കാണാൻ ലാൽകില മെട്രോ സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴാണ് അശോക് കുമാറിന്റെ മരണം. അപകടസ്ഥലത്തുനിന്ന് 15 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലെ ജഗത്പുരിലാണ് അശോക് ഭാര്യക്കും മൂന്ന് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കുമൊപ്പം താമസിച്ചിരുന്നത്.

ഫാർമസി നടത്തിയിരുന്ന ഡൽഹി ശ്രീനിവാസ്പുരി സ്വദേശിയായ 34കാരനായ അമർ കഠാരിയ കടയടച്ച് മടങ്ങുന്നതിനിടെയാണ് സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള 18 പുരുഷന്മാര്‍ക്കും രണ്ട് സ്‌ത്രീകള്‍ക്കുമാണ് പരിക്കേറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe