കോയമ്പത്തൂർ: ഡേറ്റിങ് ആപ്പ് വഴി യുവതിയിൽനിന്ന് മൂന്ന് പവൻ ആഭരണവും 90,000 രൂപയും കവർച്ച ചെയ്ത യുവാവ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശി തരുണിനെ (28) യാണ് അറസ്റ്റ് ചെയ്തത്. പാപനായ്ക്കൻ പാളയത്തിലെ വനിത ഹോസ്റ്റലിൽ താമസിക്കുന്ന പൊള്ളാച്ചി സ്വദേശിനിയുമായി ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട തരുൺ കഴിഞ്ഞ രണ്ടാം തീയതിയാണ് നേരിൽ കാണാൻ പാപനായക്കൻപാളയത്ത് എത്തിയത്.
ഹോസ്റ്റലിൽനിന്ന് യുവതിയെ കൂട്ടി വാളയാറിനടുത്ത കെ.കെ ചാവടി സ്വകാര്യ കോളജിന് സമീപം എത്തി കാർ പാർക്ക് ചെയ്തു. മറ്റൊരു യുവാവും കാറിൽ കയറി. സംസാരിച്ചുകൊണ്ടിരിക്കെ തരുണും ഒപ്പമുള്ള യുവാവും ചേർന്ന് യുവതി യെ ഭീഷണിപ്പെടുത്തി മൂന്ന് പവൻ സ്വർണാഭരണവും 90,000 രൂപയും ഓൺലൈൻ ഇടപാടിലൂടെ കൈമാറ്റം ചെയ്തു. പിന്നീട് യുവതിയെ കോയമ്പത്തൂർ-ട്രിച്ചി റോഡിൽ ഇറക്കി വിട്ടു. തുടർന്ന് കോയമ്പത്തൂർ റേസ്കോഴ്സ് റോഡ് പൊലീസ് സ്റ്റേഷനിൽ തരുണിനെതിരെ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തരുണിനെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ കോടതിയിൽ ഹാജരാക്കി.
