10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ തടവ്

news image
Nov 15, 2025, 10:19 am GMT+0000 payyolionline.in

ത​ല​ശ്ശേ​രി: പാ​നൂ​ർ പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വു​മാ​യ കെ. ​പ​ത്മ​രാ​ജ​ന് മരണംവരെ ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ബലാത്സംഗ കുറ്റത്തിൽ പ്രതി 40 വർഷം തടവ് അനുഭവിക്കണമെന്നും ഇതിനു ശേഷം പോക്സോ നിയമപ്രകാരം ജീവിതാവസാനം വരെ ജയിൽവാസം അനുഭവിക്കണമെന്നും കോടതി വിധിച്ചു. ബ​ലാ​ത്സം​ഗം, പോ​ക്സോ വ​കു​പ്പു​ക​ളിൽ ത​ല​ശ്ശേ​രി പോ​ക്‌​സോ പ്ര​ത്യേ​ക കോ​ട​തിയാണ് ശിക്ഷ വിധിച്ചത്. പ്ര​തിയെ കു​റ്റ​ക്കാ​ര​നാ​ണെന്ന് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്‌​ജി എം.​ടി. ജ​ല​ജാ​റാ​ണി വെള്ളിയാഴ്ച ക​ണ്ടെ​ത്തി​യതിനെ തുടർന്ന് പ​ത്മ​രാ​ജന്‍റെ ജാമ്യം റദ്ദാക്കി തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയിരുന്നു.

2020 ജ​നു​വ​രി​യി​ലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകനും ബി.​ജെ.​പി തൃ​പ്ര​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റുമാ​യി​രു​ന്ന ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ട് കു​റു​ങ്ങാ​ട്ട്‌ ഹ‍ൗ​സി​ൽ കെ. ​പ​ത്മ​രാ​ജ​ൻ (49) പെൺകുട്ടിയെ മൂ​ന്നു​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്‌ കേ​സ്‌. വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ ആ ​സ​മ​യ​ത്ത് സ്കൂ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന വാ​ദമാ​ണ് പ്രതി ഉ​യ​ർ​ത്തി​യ​ത്. എന്നാൽ ഇ​ത് തെ​ളി​യി​​ക്കാ​നാ​യി​ല്ല. കു​ട്ടി പ​റ​ഞ്ഞ തീ​യ​തി തെ​റ്റാ​ണെ​ന്ന വാ​ദ​വു​മു​ണ്ടാ​യി. കു​ട്ടി​ക​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ തീ​യ​തി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പ്രതിയുടെ വാദത്തെ മറികടക്കാൻ പ്രോ​സി​ക്യൂ​ട്ട​ർ പി.​എം. ഭാ​സു​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

2024 ഫെ​ബ്രു​വ​രി 23ന് ​കേ​സി​ന്റെ വി​ചാ​ര​ണ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി​റ്റി ജോ​ർ​ജ് മു​മ്പാ​കെ തു​ട​ങ്ങി. ജ​ഡ്ജി ടി​റ്റി ജോ​ർ​ജ് മാ​റി​യ​പ്പോ​ൾ ജ​ഡ്ജി ബി. ​ശ്രീ​ജ മു​മ്പാ​കെ വി​ചാ​ര​ണ തു​ട​ങ്ങി. വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ 40 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്‌​ത​രി​ച്ചു. 77 രേ​ഖ​ക​ളും 14 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്ര​തി​ഭാ​ഗം മൂ​ന്ന് സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ചു. വാ​ദം പൂ​ർ​ത്തി​യാ​യി വി​ധി പ​റ​യാ​നി​രി​ക്കെ ജ​ഡ്ജി മാ​റി. പി​ന്നീ​ട് ജ​ഡ്ജി ജ​ല​ജാ​റാ​ണി മു​മ്പാ​കെ വീ​ണ്ടും വാ​ദം ന​ട​ത്തി വി​ധി​പ​റ​യാ​ൻ മാ​റ്റി.

കു​ട്ടി​യു​ടെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ സംഘ്പരിവാർ അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ല നേതാവുമായിരുന്ന പത്മരാജനെതിരെ പാ​നൂ​ർ പൊ​ലീ​സ്‌ 2020 മാ​ർ​ച്ച്‌ 17ന് ​കേ​സെ​ടു​ത്തു. പൊ​യി​ലൂ​ർ വി​ള​ക്കോ​ട്ടൂ​രി​ൽ​നി​ന്ന് ഏ​പ്രി​ൽ 15ന്‌ ​പ്ര​തി​യെ അ​റ​സ്‌​റ്റ് ​ചെ​യ്‌​തു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം 2020 ഏ​പ്രി​ൽ 24 ന്‌ ​സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്‌ കൈ​മാ​റി. 2020 ജൂ​ലൈ 14ന് ​ക്രൈം​ബ്രാ​ഞ്ച്‌ ഡി​റ്റ​ക്ടീ​വ്‌ ഇ​ൻ​സ്‌​പെ​ക്ട​ർ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ഇ​ട​ക്കാ​ല കു​റ്റ​പ​ത്രം ന​ൽ​കി.

മൂ​ന്ന് മാ​സ​ത്തി​നു​ ശേ​ഷം പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ചു. അതിനിടെ, അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് ഐ.​ജി​യു​ടെ ഫോ​ൺ സം​ഭാ​ഷ​ണം വി​വാ​ദ​മാ​യി. അ​ന്ന​ത്തെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റുടെ ഹ​ര​ജിയെ തുടർന്ന് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ.​എ​സ്.​പി രേ​ഷ്മ ര​മേ​ശി​നെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe