കോഴിക്കോട്: മെഡിക്കൽ കോളജിലെ ഡോക്ടർ എന്ന വ്യാജേന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണംതട്ടുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കുറ്റിക്കാട്ടൂർ മയിലാം പറമ്പ് നൗഷാദിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് മെഡിക്കൽ കോളജിലെ ഡോ. വിജയ് എന്ന വ്യാജേന നൗഷാദ് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാനും പണം തട്ടാനും ആരംഭിച്ചത്.
ഭാര്യയുടെ ചികിത്സക്കിടെ മെഡിക്കൽ കോളജിൽനിന്ന് യുവതിയെ കണ്ട നൗഷാദ് ഇവിടത്തെ പി.ജി ഡോക്ടർ വിജയ് എന്ന് പരിചയപ്പെടുത്തി മെസേജ് അയച്ചു. പിന്നീട് ഫോണിലൂടെ വിവാഹ അഭ്യർഥന നടത്തി നാലു തവണ വീട്ടിലെത്തി പീഡിപ്പിച്ചു. മറ്റുള്ളവർ കാണാതിരിക്കാൻ വീട്ടിലെ ലൈറ്റ് ഓഫ് ചെയ്തിരുന്നതിനാൽ പ്രതിയുടെ മുഖം കൃത്യമായി കാണാൻ കഴിഞ്ഞിരുന്നില്ലെന്നാണ് യുവതി പറയുന്നത്. പ്രതി വിവാഹ വാഗ്ദാത്തിൽ നിന്ന് പിന്മാറുകയും യുവതിയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തതോടെ യുവതി ഡോ. വിജയിയെ അന്വേഷിച്ച് മെഡിക്കൽ കോളജിൽ എത്തൽ പതിവായി.
അതിനിടെ കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒമ്പതാം വർഡിലെത്തിയ യുവതി ഡോ. വിജയിയെ മർദിക്കുകയായിരുന്നു. ഇതിനെതിരെ ഡോക്ടർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. ഡോ. വിജയ്ക്കെതിരെ മാനനഷ്ടത്തിന് യുവതിയും ചേവായൂർ പൊലീസിലും പരാതി നൽകി. ഡോക്ടറുടെ പരാതി അന്വേഷിച്ച മെഡി. പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ഡോ. വിജയ് അല്ല യുവതിയെ കബളിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.
കളഞ്ഞു കിട്ട സിംകാർഡ് നമ്പറിൽ നിന്നായിരുന്നു പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. യുവതി പൊലീസ് കസ്റ്റഡിയിലിരിക്കെ നൗഷാദ് തന്റെ യഥാർഥ നമ്പറിൽ നിന്ന് യുവതിയുടെ ഫോണിലേക്ക് വിളിച്ചതാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദിച്ച കേസിൽ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
