ദില്ലി സ്ഫോടനം ; ഭീകരവാദികള്‍ ലക്ഷ്യമിട്ടത് മുംബൈ രീതിയില്‍ ഉള്ള സ്‌ഫോടനം

news image
Nov 17, 2025, 7:02 am GMT+0000 payyolionline.in

ദില്ലിയില്‍ ഭീകരവാദികള്‍ ലക്ഷ്യമിട്ടത് മുംബൈ രീതിയില്‍ ഉള്ള സ്‌ഫോടനം. അക്രമണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ്. അതിനിടെ മുഖ്യസൂത്രധാരന്‍ അസഫര്‍ അഹമ്മദ് രത്തോര്‍ അഫ്ഗാനില്‍ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച വലിയ സ്‌ഫോടനത്തിനാണ് വൈറ്റ് കോളര്‍ മെഡുല്‍ എന്ന പേരില്‍ അറിയപ്പെട്ട ഭീകരവാദികളായ ഡോക്ടര്‍മാരുടെ സംഘം പദ്ധതി ഇട്ടത്. റിപ്പബ്ലിക് ദിന പരേഡ് ലക്ഷ്യമാക്കി നിരവധി ആക്രമണ പരമ്പരകളാണ് ജൈഷ് ഈ മുഹമ്മദിന്റെ നേതൃത്വത്തില്‍ ദില്ലി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പദ്ധതിയെടുത്തത്. ഫരീദാബാദില്‍ നിന്ന് ഡോക്ടര്‍മാര്‍ അറസ്റ്റിലായതോടെ ഈ പദ്ധതികള്‍ എല്ലാം പൊളിഞ്ഞു.

 

ആദില്‍ അഹമ്മദ്, ഷഹീന്‍ സൈദ് എന്നീ ഡോക്ടര്‍മാരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വളരെ വേഗത്തില്‍ ഉമര്‍ നബിയിലേക്ക് എത്തിയത്. ഷെഹിന്‍ സൈയ്ദാണ് ആക്രമണത്തിന് കൂടുതല്‍ നിര്‍ദ്ദേശങ്ങളും പദ്ധതികളും ഒരുക്കിയത്. ലഷ്‌കര്‍ ഈ തൊയ്ബയുമായി ഷെഹിന് നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍. സ്‌ഫോടനത്തിന് സഹായം നല്‍കിയ നിരവധി ആളുകളെ ഇനിയും പിടി കൂടാനുണ്ട്.

ഈ സാഹചര്യത്തിലാണ് ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരുന്നത്. അതേസമയം സംഭവത്തില്‍ അറസ്റ്റിലായ ഡോക്ടര്‍ ആദില്‍ അഹമ്മദിന്റെ സഹോദരന്‍ ഡോക്ടര്‍ മുസഫര്‍ അഹമ്മദ് നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്നാണ് വിവരം. പദ്ധതികള്‍ ആസൂത്രണം ചെയ്ത ശേഷം ഓഗസ്റ്റ് അവസാനത്തോടെ ഇയാള്‍ രാജ്യം വിട്ടു എന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.

ചാവേറായി മാറിയ ഉമര്‍ നബി, നിലവില്‍ അറസ്റ്റില്‍ ആയ അല്‍ ഫലാഹ് സര്‍വകലാശാലയിലെ ഡോക്ടര്‍ മുസമ്മല്‍ ഷെയ്ഖ് എന്നിവര്‍ മുസഫിറിനു ഒപ്പം തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. ഇവിടെവച്ച് ഭീകരവാദ സംഘടനയുടെ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe