കൊടുവള്ളി: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണെങ്കിലും കൊടുവള്ളി നഗരസഭക്ക് മുന്നിലെ ജ്യൂസ് കടക്കാർക്ക് ഇപ്പോൾ കോളാണ്. മരിച്ച ചിലർ ജ്യൂസ് വാങ്ങാൻ വരുന്നു, ഗ്ലാസ് നിറയെ ജ്യൂസുമായി നഗരസഭയിലേക്ക് പോകുന്നു. ഒന്നല്ല, നിരവധി പേരാണ് ഇങ്ങനെ ജ്യൂസ് വാങ്ങാൻ എത്തുന്നത്. വോട്ടർപട്ടികയിൽ നിന്നും മരിച്ചെന്ന് പറഞ്ഞ് ഒഴിവാക്കപ്പെട്ട ജീവിച്ചിരിക്കുന്നവരാണ് കൊടുവള്ളിയിൽ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞങ്ങളിതാ മരിച്ചിട്ടില്ല സാർ എന്ന് പറഞ്ഞ് അധികൃതർക്കൊക്കെ ജ്യൂസ് കൊടുത്ത് പ്രതിഷേധിക്കുകയാണ് ഇവർ. അത്രയേറെ പേരെയാണ് മരിച്ചെന്ന് പറഞ്ഞ് വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.
ജീവനോടെയുള്ള എന്നെ മരിച്ചു എന്ന കാരണത്താൽ വോട്ടർ പട്ടികയിൽ നിന്നും ഡിലീറ്റ് ആക്കി എന്നാണ് മുനിസിപ്പാലിറ്റിയിൽ നിന്നും സൂപ്രണ്ട് പറഞ്ഞത്. ഇതോടെയാണ് പ്രതിഷേധമെന്ന നിലക്ക് ഉദ്യോഗസ്ഥർക്ക് ജ്യൂസ് നൽകിയതെന്ന് ആദ്യമായി പരാതിയുമായി രംഗത്തെത്തിയ കൊടുവള്ളി സ്വദേശി പറഞ്ഞു. പരാതിപ്പെട്ടതോടെ മരിച്ച ഞാൻ മറ്റൊരു വാർഡിൽ പൊന്തിയിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ളിടത്ത് ഇനി മുനിസിപ്പാലിറ്റി ഒരു വീട് കെട്ടിത്തരട്ടേയെന്ന് ഇവർ പരിഹസിക്കുന്നു. വോട്ടേഴ്സ് ലിസ്റ്റിലെ അപാകതമൂലം കോൺഗ്രസിന് പത്താം ഡിവിഷണിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് നേതാക്കൾ പറയുന്നു.
വാർഡിലേക്ക് സ്ഥാനാത്ഥിയായി കണ്ടിരുന്നത് നിലവിലെ കൗൺസിലറുടെ ഭാര്യയെ ആയിരുന്നു. അവർക്ക് ഒരു സുപ്രഭാതത്തിൽ വോട്ടില്ലാതായി. അതിനാൽ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് കോൺഗ്രസ് പറയുന്നു. 1400 വോട്ടുകളിൽ ക്രമക്കേട് ഉണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. യുഡിഎഫ് വാർഡുകളിൽ നിന്നാണ് വ്യാപകമായി വോട്ടർമാരെ വെട്ടിയിരിക്കുന്നത്. അതേസമയം എൽഡിഎഫ് വാർഡുകളിൽ കൂടുതൽ വോട്ടർമാരെ കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ആരോപിച്ചു. അതിർത്തികൾ പരിഗണിക്കാതെ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സിപിഎം വ്യാപകമായി വോട്ടു മാറ്റിയെന്ന് അബ്ദു ആരോപിക്കുന്നു.
എന്നാൽ ഇത് ഏകപക്ഷീയമായ നടപടിയല്ലെന്നും, കളക്ടറുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ എൽഡിഎഫിനെയും യുഡിഎഫിനെയും കേട്ട്, സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തിയാണ് ലിസ്റ്റ് പുറത്തിറക്കിയതെന്നാണ് സിപിഎം വാദം. എന്തായാലും മതപരമായാണ് മൂന്നിന്‍റന്ന് ജ്യൂസ് കൊടുത്ത് പ്രതിഷേധിച്ചത്. ഇനി 15നും 40നും ഒക്കെ ജ്യൂസും ഭക്ഷണമൊക്കെ കൊടുത്ത് പ്രതിഷേധിക്കേണ്ടി വരുമെന്നാണ് ജീവനോടെയിരിക്കുന്ന ‘മരിച്ച’വർ പറയുന്നത്.
