കൊച്ചിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; 4 കൊയിലാണ്ടി സ്വദേശികളുൾപ്പെടെ 5 പേർ അറസ്റ്റിൽ

news image
Nov 21, 2025, 8:21 am GMT+0000 payyolionline.in

കൊച്ചി: കൊച്ചിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോ​ഗിച്ച് തട്ടിപ്പ്. കേസിൽ അഞ്ച് പേരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഫോണിൽ നിന്നും പണം അയച്ചതായി കട ഉടമകളെ കാണിക്കും. എന്നാൽ അക്കൗണ്ടുകളിലേക്ക് പണം എത്താത്തതിനെ തുടർന്ന് ഹോട്ടൽ ഉടമകളുടെ പരാതിയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. നാല് യുവാക്കളും ഒരു യുവതിയുമാണ് പൊലിസിന്റെ പിടിയിലായത്. അറസ്റ്റിലായവരിൽ നാല് പേർ കൊയ്ലാണ്ടി സ്വദേശികളും ഒരാൾ തിരുവനന്തപുരം സ്വദേശിയുമാണ്.

 

കളമശേരി എളമക്കര പ്രദേശങ്ങളിലെ വിവിധ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം പണം യുപിഐ ആപ്പുവഴി നൽകിയെന്ന് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ബിൽ തുക ടിക്ക് വീണതായി ഫോണിൽ കാണിച്ചായിരുന്നു തട്ടിപ്പ്. കടകളിൽ സ്ഥാപിച്ചിട്ടുള്ള സൗണ്ട് ബോക്സുകളിൽ അറിയിപ്പ് ലഭിക്കാത്തത് സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് കടയുടമകളെ വിശ്വസിപ്പിക്കുകയും ചെയ്തു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സമാന തട്ടിപ്പ് നടത്തിയതായാണ് വിവരം.

 

ഇന്നലെ കളമശേരിയിലെ ഒരു ഹോട്ടലിൽ നിന്നും ഇവർ 4000 രൂപയ്ക്ക് ഭക്ഷണം കഴിച്ചു. തട്ടിപ്പ് ആപ്പ് ഉപയോ​ഗിച്ച് പണം നൽകിയെന്ന് വിശ്വസിപ്പിച്ച് രക്ഷപ്പെട്ടു. വൈകുന്നേരം വീണ്ടും അതേ കടയിൽ ഭക്ഷണം കഴിച്ച് പണം നൽകിയപ്പോൾ കടയുടമകൾക്ക് സംശയം തോന്നി ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം വ്യാപക തട്ടിപ്പ് നടത്തിയതായി തിരിച്ചറിയുന്നത്. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത വേണമെന്ന് കേരള പൊലീസ് കടയുടമകൾക്ക് മുന്നറിയിപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe