കോഴിക്കോട് ബസുകളുടെ സമയം അറിയാല്‍ സ്റ്റാന്‍ഡില്‍ എൽ ഇ ഡി സ്‌ക്രീന്‍, സ്റ്റോപ്പുകളില്‍ ക്യുആര്‍ കോഡ്; യാത്രകള്‍ ഇനി ഈസി

news image
Nov 21, 2025, 4:36 pm GMT+0000 payyolionline.in

കോഴിക്കോട്: ബസുകള്‍ വന്നുപോകുന്ന സമയമറിയാതെ ഇനി സ്റ്റാന്‍ഡില്‍ കാത്തിരുന്നു വലയേണ്ട. സുരക്ഷാഭീതിയോടെ സ്ത്രീകള്‍ക്കിനി യാത്രചെയ്യേണ്ട സ്ഥിതിയുമുണ്ടാകില്ല. ബസുകള്‍ വന്നുപോകുന്ന കൃത്യസമയമറിയാനും യാത്രാസുരക്ഷയും ലക്ഷ്യമിട്ട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ചമുതല്‍ അനൗണ്‍സ്മെന്റ് സംവിധാനം ഉള്‍പ്പെടെ യാത്രാ അറിയിപ്പുകേന്ദ്രം നിലവില്‍വരും.

‘ബസ്’ എന്ന മൊബൈല്‍ ആപ്പുവഴിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. നടക്കാവ്, എല്‍ഐസി, ക്രിസ്ത്യന്‍കോളേജ് ഉള്‍പ്പെടെ 100 സ്റ്റോപ്പുകളില്‍ ബസുകളുടെ സമയം യാത്രക്കാര്‍ക്കുതന്നെ സ്‌കാന്‍ചെയ്തു പരിശോധിക്കാവുന്ന ക്യുആര്‍ കോഡ് സംവിധാനവും,എൽ ഇ ഡി സ്‌ക്രീന്‍ നിലവില്‍വരും. വെള്ളിയാഴ്ച വൈകീട്ട് 5.30-ന് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ കളക്ടര്‍ സ്‌നേഹില്‍കുമാര്‍സിങ് ഉദ്ഘാടനംചെയ്യും. ബസ് സൊലൂഷന്‍ കമ്പനിയും ബസ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയും സംയുക്തമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് പദ്ധതിയുടെ മെന്‍ഡര്‍കൂടിയായ സിറ്റി ട്രാഫിക് റിട്ട. എസ്െഎ മനോജ്ബാബു പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിക്കുന്ന വലിയ ഡിസ്പ്ലേ ബോര്‍ഡിലാണ് ബസുകള്‍ വന്നുപോകുന്ന സമയം, റൂട്ട് എന്നിവ കൃത്യമായി രേഖപ്പെടുത്തുക. പുതിയസ്റ്റാന്‍ഡിലെ ബസ് ഓണേഴ്സ് ഓഫീസിലാണ് അനൗണ്‍സ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എല്ലാ റൂട്ടുകളിലും ട്രിപ്പ് പ്ലാനറുകളും സ്ഥാപിക്കും. കെഎസ്ആര്‍ടിസി, മെട്രോ ഉള്‍പ്പെടെയുള്ള യാത്രാസംവിധാനങ്ങളുമായും പുതിയസംവിധാനത്തെ ബന്ധിപ്പിക്കും. കെഎസ്ആര്‍ടിസിയില്‍ നിലവില്‍ മൂന്നു ഡിസ്പ്ലേ ബോര്‍ഡുകളുണ്ട്. അവയെയും ഈ സംവിധാനവുമായി ബന്ധിപ്പിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും യാത്രാസുരക്ഷ ഉറപ്പിക്കുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. എന്തെങ്കിലും അത്യാഹിതമുണ്ടാകുകയാണെങ്കില്‍ ബസ്ഡ്രൈവര്‍മാര്‍ക്ക് ഇതുസംബന്ധിച്ച വിവരം നല്‍കാനും തീപ്പിടിത്തംപോലുള്ള ദുരന്തങ്ങളോ പെട്ടെന്നുള്ള വിഐപികളുടെ സന്ദര്‍ശനമോ ഉണ്ടായാല്‍ ഡ്രൈവര്‍മാര്‍ക്ക് ഉടന്‍ വിവരം നല്‍കാനും ആവശ്യമെങ്കില്‍ ബസുകള്‍ മറ്റുറൂട്ടുകളില്‍ തിരിച്ചുവിടാനും സംവിധാനമുണ്ടാകും. പോലീസുകാരെ പങ്കാളികളാക്കിയാണ് ഇതിനുള്ള അവസരമൊരുക്കുക. രണ്ടുവര്‍ഷമായി താമരശ്ശേരി, മുക്കം, കുന്ദമംഗലം സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സമ്പ്രദായമാണ് ഇതെന്നും അധികൃതര്‍ അറിയിച്ചു. ബസ് സൊലൂഷന്‍സ് എന്നസ്ഥാപനത്തിന്റെ സിഇഒ അന്‍വര്‍ഹുസൈനാണ് ബസ് എന്ന ഈ ആപ്പ് വികസിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe