ഒടുവിൽ ആളെത്തി; വിദ്യാർത്ഥിനിയുടെ സത്യസന്ധതയ്ക്ക് അഞ്ച് പവന്റെ തിളക്കം: അമയയെ വാരിപ്പുണർന്ന് ഫൗസിയ

news image
Nov 22, 2025, 2:11 pm GMT+0000 payyolionline.in

 

പയ്യോളി: ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ഒരു സ്വർണാഭരണം കളഞ്ഞു കിട്ടിയ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പയ്യോളി പേരാമ്പ്ര റോഡിലെ സൂപ്പർ മെഡിക്കൽസ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടുമായ എം ഫൈസലിന്റെ കുറിപ്പാണ് അതിവേഗം വൈറലായത്. പ്രസിഡന്റിന്റെ കുറിപ്പ് കൊയിലാണ്ടി മണ്ഡലത്തിലെ വ്യാപാരികൾ പലർക്കായി ഷെയർ ചെയ്തു. ദിവസം രണ്ടു കഴിഞ്ഞിട്ടും ആളത്താത്തത് സംശയം ജനിപ്പിച്ചു. ഇതിനിടയിൽ മുഴുവൻ വിവരങ്ങളും പോലീസിന് ഫൈസൽ കൈമാറിയിരുന്നു. രണ്ടുദിവസം കൂടി കാത്തിരിക്കാൻ ആയിരുന്നു ലഭിച്ച നിർദ്ദേശം. വലിയൊരു സ്വർണം കയ്യിൽ വയ്ക്കുന്നതിന്റെ റിസ്ക് ഫൈസലിനെ അലട്ടിയിരുന്നു. ഇതിനിടയിൽ അവകാശവാദം ഉന്നയിച്ച് നിരവധിപേർ വിളിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം കൂടുതൽ സമ്മർദ്ദത്തിലായി.


സാധാരണ നിലയിൽ നഷ്ടപ്പെട്ടവരുടെ അറിയിപ്പുകൾ ആണ് വാട്സ്ആപ്പ് വഴി കൂടുതൽ പ്രചരിക്കാറുള്ളത്. ഇത്തരത്തിൽ ഒരു മെസ്സേജ് കിട്ടിയിട്ടും യഥാർത്ഥ ഉടമ രംഗത്ത് വരാത്തത് ഇതിനകം ചർച്ചയായിരുന്നു. ഒടുവിൽ ഇന്ന് വൈകുന്നേരം പയ്യോളി പോലീസ് സ്റ്റേഷനിൽ ഫൈസലിന് സ്വർണ്ണവുമായി എത്താനുള്ള നിർദ്ദേശം ലഭിച്ചതോടെയാണ് ആശങ്കകൾ ഒഴിഞ്ഞത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പേരാമ്പ്ര റോഡിലെ കേരള ബാങ്കിന് സമീപത്ത് നിന്നാണ് പെരുമാൾപുരം ചെറുകുറ്റി നിസാറിന്റെ ഭാര്യ ഫൗസിയയുടെ കയ്യിൽ നിന്ന് 5 പവനോളം വരുന്ന സ്വർണാഭരണം അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. രാത്രി വീട്ടിലെത്തിയ ശേഷമാണ് ബാഗിൽ പേഴ്‌സ് ഇല്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ആരോടും ഒന്നും ഉരിയാടാതെ നേരം വെളുപ്പിച്ചു.

ഭർത്താവ് ജോലിക്ക് പോയതിന് പിന്നാലെ സ്വർണാഭരണത്തിനായി പയ്യോളിയിൽ എത്തി അന്വേഷണം തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഇന്നലെ രാത്രി ഭർത്താവിനോട് കാര്യം പറഞ്ഞു. ഇന്ന് പകൽ മുഴുവൻ പയ്യോളി ബസ്റ്റാൻഡിലെ ബസ് ജീവനക്കാരോട് നഷ്ടപ്പെട്ട സ്വർണത്തിനായി അന്വേഷണം നടത്തി. ഒടുവിൽ പയ്യോളി പോലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ കൈമാറി. അപ്പോഴാണ് സ്റ്റേഷൻ വാട്സപ്പ് ഗ്രൂപ്പിൽ ഇത്തരത്തിൽ ഒരു മെസ്സേജ് വന്നതായി ഇവരുടെ അയൽവാസി കൂടിയായിരുന്ന വനിതാ എസ് ഐ സുഗുണ ഓർത്തെടുത്തത്.

പയ്യോളി ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ അമയയ്ക്കാണ് (17) അഞ്ചു പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടിയത്. ഉടൻതന്നെ അച്ഛൻ അഖിലേഷിനെ വിവരം അറിയിക്കുകയായിരുന്നു. പയ്യോളി പേരാമ്പ്ര റോഡിലെ സിവി സ്റ്റോർ ജീവനക്കാരനാണ് അഖിലേഷും ഭാര്യ പ്രിയയും. സ്ഥാപന ഉടമ സിവി സുനീറിന്റെ ഇടപെടലിലാണ് സ്വർണം ഫൈസലിന് കൈമാറിയത്.

പയ്യോളി പോലീസ് സ്റ്റേഷനിൽ എസ് ഐ വി കെ മനീഷിന്റെ സാന്നിധ്യത്തിൽ അമേയ സ്വർണാഭരണം ഹൗസിയക്ക് കൈമാറി. മൂരാട് കോട്ടക്കുന്ന്മ്മൽ സ്വദേശിയായ അമയ ഇപ്പോൾ അയനിക്കാട് ചൂള പറമ്പത്ത് ക്ഷേത്രത്തിന് സമീപം വാടകവീട്ടിലാണ് താമസം. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണാഭരണം തിരിച്ചു നൽകിയ അമയയെ വാരിപ്പുണർന്നാണ് ഫൗസിയ നന്ദി അറിയിച്ചത്. വിവരങ്ങൾ പങ്കുവെച്ചതിന് വ്യാപാരികളോടും കുടുംബം നന്ദി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe