കണ്ണൂർ: സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലായി 14 വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല. ആന്തൂർ നഗരസഭയിൽ അഞ്ചും കണ്ണപുരം പഞ്ചായത്തിൽ ആറും മലപ്പട്ടം പഞ്ചായത്തിൽ മൂന്നും വാർഡുകളിലാണ് എൽഡിഎഫിന് എതിരില്ലാത്തത്. പലയിടത്തും പിന്താങ്ങിയവർ തങ്ങളുടെ അറിവില്ലാതെയാണ് ഒപ്പിട്ടതെന്നറിയിച്ച് രംഗത്തെത്തിയതോടെയാണ് എതിർ സ്ഥാനാർഥികളുടെ പത്രിക തള്ളിപ്പോയത്. ഇതിനിടെ ആന്തൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ തട്ടിക്കൊണ്ടുപോയെന്നും ആരോപണമുണ്ടായി. ഇതേ സ്ഥാനാർഥി ഇന്ന് നഗരസഭയിലെത്തി സ്ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു. സ്ഥാനാർഥികളെയും പിന്തുണ നൽകിയവരേയും സിപിഎം ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ആന്തൂർ നഗരസഭയിൽ 5 വാർഡുകളിലാണ് എൽഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് രണ്ട് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളുകയും ഒരു സ്ഥാനാർഥി പത്രിക പിൻവലിക്കുകയും ചെയ്തു. നേരത്തെ രണ്ട് വാർഡുകളിൽ യുഡിഎഫിന് സ്ഥാനാർഥികളുണ്ടായിരുന്നില്ല. രണ്ട് സ്ഥാനാർഥികളുടെ പത്രിക ഇന്ന് തള്ളിയതോടെ കണ്ണപുരം പഞ്ചായത്തിൽ 6 സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. നേരത്തെ 4 വാർഡുകളിൽ എൽഡിഎഫിന് എതിരുണ്ടായിരുന്നില്ല. മലപ്പട്ടത്ത് മൂന്ന് വാർഡുകളിലാണ് എൽഡിഎഫ് എതിരില്ലാതെ ജയിച്ചത്. കഴിഞ്ഞ തവണ ഒറ്റ സീറ്റിൽ കോൺഗ്രസ് ജയിച്ചിരുന്നു. 20 വർഷത്തിനിടെയാണ് കഴിഞ്ഞ വർഷം യുഡിഎഫിന് ഒരു പ്രതിനിധിയുണ്ടായത്. ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് ഏറെ വിവാദം ഉണ്ടായ അടുവാപ്പുറത്തും ഇത്തവണ കോൺഗ്രസിന് സ്ഥാനാർഥിയെ നിർത്താനായില്ല.
കണ്ണൂർ കോർപറേഷനിൽ കടുത്ത മത്സരമാണ് നടക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന സംസ്ഥാനത്തെ ഏക കോർപറേഷനാണ് കണ്ണൂർ. ഭരണം നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഒരു സീറ്റിലൊഴികെ എല്ലായിടത്തും ബിജെപി മത്സരിക്കുന്നുണ്ട്. മൂന്നിടത്ത് യുഡിഎഫിന് റിബൽ സ്ഥാനാർഥികളുണ്ട്. പയ്യാമ്പലത്ത് കോൺഗ്രസിലെ കെ.എം.ബിന്ദുവും ആദികടലായിയിൽ വി.മുഹമ്മദലിയും വാരത്ത് ലീഗ് വിമതൻ റയീസ് അസ്ഹരിയുമാണ് മത്സര രംഗത്തുള്ളത്. വാരം ഡിവിഷൻ ഇത്തവണ കോൺഗ്രസിൽ നിന്ന് ലീഗ് നിർബന്ധം പിടിച്ച് വാങ്ങിയതാണ്. അതേസമയം, താളിക്കാവിൽ സിപിഎം റിബൽ എ.എം.പ്രകാശൻ പത്രിക പിൻവലിച്ചു. 12 ഇടത്ത് പി.െക.രാഗേഷിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയും രംഗത്തുണ്ട്. കോർപറേഷനിൽ 56 ഡിവിഷനുകളാണുള്ളത്. ജില്ലാ പഞ്ചായത്തിലെ 25 ഡിവിഷനുകളിലേക്ക് 93 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ആകെ 128 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 35 പേർ പത്രിക പിൻവലിച്ചു.
