ദീർഘദൂരയാത്രയ്ക്ക് നമ്മളിൽ മിക്കവരും ട്രെയിനാണ് തിരഞ്ഞെടുക്കാറുള്ളത്. പ്രത്യേകിച്ചും രാത്രികാലങ്ങളിലെ യാത്ര. കാരണം, ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും എവിടേക്കാണോ എത്തേണ്ടത് അവിടേക്ക് നമ്മൾ എത്തി ചേർന്നിരിക്കും. എന്നാൽ, ട്രെയിൻ യാത്ര ചെയ്യുമ്പോൾ പ്രത്യേകിച്ച് രാത്രി ട്രെയിൻ യാത്ര ചെയ്യുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, നമ്മളെ പോലെ തന്നെ നിരവധി ആളുകളാണ് ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നത്. അതിൽ ആരോഗ്യപ്രശ്നം ഉള്ളവർ ഉണ്ടായിരിക്കും, അടുത്ത ദിവസം രാവിലെ ജോലിക്ക് പ്രവേശിക്കേണ്ടവർ ഉണ്ടായിരിക്കും, കൊച്ചു കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും. യാത്രയിൽ അറിവില്ലായ്മ കൊണ്ട് നമ്മൾ വരുത്തിവയ്ക്കുന്ന അബദ്ധങ്ങൾ മറ്റുള്ളവർക്ക് ശല്യമായി മാറരുത്. അതിനാൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ബഹളം ഉണ്ടാക്കരുത്
രാത്രിയാത്രയാണ് ചെയ്യുന്നതെങ്കിൽ ഉറക്കെ പാട്ട് പാടുന്നതോ ഉച്ചത്തിൽ പാട്ട് വെക്കുന്നതോ ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രി 10 മണിക്ക് ശേഷം. പാട്ട് കേൾക്കണമെന്നോ സിനിമ കാണണമെന്നോ നിർബന്ധമുള്ളവർ ഇയർ ഫോൺ ഉപയോഗിക്കേണ്ടതാണ്. ഇത് മാത്രമല്ല ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നതും ഒഴിവാക്കണം. കാരണം, രാത്രി 10 മണിക്ക് ശേഷം ഉറങ്ങാനുള്ള സമയമാണ്. അതുകൊണ്ട് തന്നെ ഉറങ്ങാൻ പോകുന്ന യാത്രക്കാർക്ക് ഇത്തരത്തിലുള്ള ബഹളങ്ങൾ ഒരു ശല്യമായിരിക്കും.
ലൈറ്റിന്റെ ഉപയോഗം
ട്രെയിനിൽ രാത്രി ഉപയോഗത്തിനായി പ്രത്യേകമായി ലൈറ്റുണ്ട്. അതുകൊണ്ട് തന്നെ സാധാരണ ഉപയോഗിക്കുന്ന ലൈറ്റ് ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ഉറങ്ങുന്നവർക്ക് അത് ഒരു ബുദ്ധിമുട്ട് ആകാൻ സാധ്യതയുണ്ട്. ∙മിഡിൽ ബർത്തുകാർക്കും ഉറങ്ങണം
ട്രെയിനിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി അനുഭവിക്കുന്നവർ ആരെന്ന് ചോദിച്ചാൽ അത് മിഡിൽ ബർത്തുകാരാണ്. കാരണം, ലോവർ ബർത്തിലുള്ള ചിലർ 10 മണി ആയാലും സീറ്റിൽ ഇരിക്കുകയായിരിക്കും. എന്നാൽ, രാത്രി 10 മണി മുതൽ രാവിലെ ആറു മണി വരെ മിഡിൽ ബർത്തിലുള്ളവർക്ക് ഉറങ്ങാനുള്ള സമയമാണ്. ആ സമയത്ത് ലോവർ ബർത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർ സീറ്റിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് മിഡിൽ ബർത്തുകാരെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കണം. ∙ഭക്ഷണത്തിന് ഒരു സമയം
മിക്ക ട്രെയിനുകളിലും രാത്രി 10 മണിയോടെ ഭക്ഷണത്തിന്റെ സേവനങ്ങൾ അവസാനിക്കും. എന്നാൽ, നിങ്ങൾ വൈകി കഴിക്കുന്നവർ ആണെങ്കിൽ നേരത്തെ വാങ്ങി വയ്ക്കുകയോ സ്നാക്സ് എന്തെങ്കിലും കൈയിൽ കരുതുകയോ ചെയ്യേണ്ടതാണ്. കൂടാതെ, രാത്രിയുള്ള ട്രെയിൻ യാത്രകളിൽ അവനവന്റെ സുരക്ഷയും നിർബന്ധമായും പാലിക്കണം. വിലപിടിപ്പുള്ളതൊന്നും കൈയിൽ കരുതരുത്. അടിയന്തിരസാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ കൈവശം ഉണ്ടായിരിക്കണം.
