കോഴിക്കോട്: രാജ്യത്ത് മുട്ട വില കഴിഞ്ഞ 5 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഒരു മുട്ട വീട്ടിലെത്തണമെങ്കിൽ ഇപ്പോൾ 8 രൂപ വരെ കൊടുക്കേണ്ട സ്ഥിതിയാണ്. മുട്ടയ്ക്ക് വില കൂടുന്നുണ്ടെങ്കിലും സിംഗിൾ ഓംലറ്റിന് 15 രൂപയെന്ന കോഴിക്കോട്ടെ പഴയ വിലയിൽ മാറ്റമില്ല. കാര്യങ്ങൾ ഇങ്ങനെ പോയാൽ പക്ഷേ വില കൂടും. തമിഴ്നാട്ടിലെ നാമക്കലിൽ ഉൽപാദന ഫാമുകളിൽ ഒരു കോഴിമുട്ടയ്ക്ക് വില 6.05 പൈസ ആണ്. അത് പാളയം അങ്ങാടിയിലെത്തുമ്പോൾ 7.30 രൂപയാകും. ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരേറിയതും ഉത്പാദനത്തില്‍ ചെറിയ കുറവുണ്ടായതുമാണ് ഇങ്ങനെ വില ഉയരാന്‍ കാരണം.
സാധാരണ നവംബര്‍, ഡിസംബര്‍ മാസത്തില്‍ ഇറച്ചി, മുട്ട എന്നിവയുടെ വില കുറയാറാണ് പതിവ്. എന്നാല്‍, ഡിസംബര്‍ ആവുന്നതോടെ കേക്ക് നിര്‍മാണം സജീവമാകും. ഇതോടെ മുട്ടയുടെ വില ഇനിയും വര്‍ധിക്കും. നാടന്‍ കോഴിമുട്ടയ്ക്ക് ഏഴു രൂപയായിരുന്നു വില. ഇതിന് എട്ടു മുതല്‍ 10 രൂപ വരെയായി. വില കൂടിയാലും കോഴി മുട്ടക്ക് വൻ ഡിമാൻഡാണ്.
