വടകര: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വടകര നഗരസഭയിൽ 48 വാർഡുകളിൽ 158 സ്ഥാനാർഥികൾ മത്സരരംഗത്ത്. നഗരസഭയിലും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്, മണിയൂർ, തിരുവള്ളൂർ, വില്യാപ്പള്ളി, ആയഞ്ചേരി, ചോറോട്, അഴിയൂർ, ഏറാമല പഞ്ചായത്തുകളിലായി 716 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വടകര നഗരസഭയിൽ കൊയിലാണ്ടി വളപ്പ്, ചീനം വീട്, കുറുമ്പൊയിൽ എന്നീ വാർഡുകളിൽ അഞ്ച് പേർ വീതം മത്സരിക്കുന്നു.
ഏറ്റവും കുറവ് മുക്കോല വാർഡിലും. ഇവിടെ രണ്ടുപേർ തമ്മിലാണ് മത്സരം. പാണ്ടികശാല, മുക്കോല വാർഡുകളിൽ എൻ.ഡി.എക്ക് സ്ഥാനാർഥികളില്ല. തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ 14 ഡിവിഷനുകളിലായി 43 പേർ മത്സരിക്കുന്നു. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ കടമേരി ഡിവിഷനിലാണ്.
ഇവിടെ നാലുപേർ മത്സരിക്കുന്നുണ്ട്. മറ്റ് ഡിവിഷനുകളിലെല്ലാം മൂന്നുപേർ വീതം ജനവിധി തേടുന്നു. 13 ഡിവിഷനിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ ത്രികോണ മത്സരമാണുള്ളത്. മണിയൂർ പഞ്ചായത്തിൽ 23 വാർഡുകളിലായി 71 പേരും തിരുവള്ളൂരിൽ 22 വാർഡുകളിലായി 62 പേരും വില്യാപ്പള്ളിയിൽ 21 വാർഡുകളിലായി 66 പേരും ആയഞ്ചേരിയിൽ 18 വാർഡുകളിലായി 60 പേരുമാണ് മത്സരരംഗത്തുള്ളത്.
ചോറോട് 23 വാർഡുകളിൽ 95, അഴിയൂർ 20 വാർഡുകളിൻ 84 പേരുണ്ട്. അഴിയൂർ പൂഴിത്തല 1ാം വാർഡിൽ 7 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഏറാമല 23 വാർഡുകളിൽ 77 സ്ഥാനാർഥികളുണ്ട്.
