പന്തളം: ഹോട്ടലിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കക്കൂസിൽ, ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ വെച്ച്. മുഖം ചുളിക്കാൻ വരട്ടെ, സംഭവം വടക്കേയിന്ത്യയിലല്ല, ഇതരസംസ്ഥാന തൊഴിലാളികൾ പന്തളം കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം നടത്തുന്ന മൂന്ന് ഹോട്ടലുകളാണ് ആരോഗ്യ വിഭാഗം പൂട്ടി സീൽ വെച്ചത്. കെട്ടിടം വാടകക്ക് നൽകിയ ഉടമയ്ക്കെതിരെയും കേസെടുത്തു.
വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് തട്ടുകടകൾക്കെതിരെയും നടപടി സ്വീകരിച്ചു. പന്തളം കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം നഗരസഭയുടെ അനുമതി ഇല്ലാതെയാണ് നിരവധി ബഹുനില കെട്ടിടങ്ങൾ പണിതുയർത്തിയിരിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികൾ വൃത്തിഹീനമായ സാഹചര്യത്തിൽ ലൈസൻസില്ലാതെ നടത്തിവന്ന ഹോട്ടലുകളിൽ നിന്ന് പിഴയീടാക്കാൻ നോട്ടീസ് നൽകി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. കടയ്ക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നടത്തിവന്ന ഹോട്ടലുകൾക്കാണ് 10,000 രൂപ വീതം പിഴ. പത്തുദിവസം മുമ്പ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷവിഭാഗവും പരിശോധന നടത്തിയപ്പോൾ പൂട്ടിയ ഹോട്ടലുകളാണ് വീണ്ടും അനുമതിയില്ലാതെ വൈകുന്നേരങ്ങളിൽ പ്രവർത്തിച്ചിരുന്നത്.
തോന്നല്ലൂർ സാബു ബിൽഡിങ്ങിൽ താമസക്കാരായ ബംഗാൾ സ്വദേശികളായ താജ്മിര ഖാത്തുൻ, എസ്.കെ. സുകുമാർ, ഡെലുവർ ഹുസൈൻ എന്നിവരാണ് ഹോട്ടൽ നടത്തിവന്നത്. ശുചിമുറിയിൽ യൂറോപ്യൻ ക്ലോസറ്റിന് മുകളിൽ വെച്ച് അരിപ്പയുപയോഗിച്ച് ചിക്കൻ കഴുകുന്നത് ഉദ്യോഗസ്ഥർ കണ്ടെത്തി. മുഷിഞ്ഞ കർട്ടനിട്ട് മറച്ച ഭാഗത്താണ് പാചകം. ഇവിടെയും ഭക്ഷണം വിളമ്പുന്ന ഭാഗവും വൃത്തിഹീനമായിരുന്നു. ഹോട്ടലിലേക്ക് കയറുമ്പോൾ തന്നെ കടുത്ത ദുർഗന്ധമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പഴകിയ ചിക്കൻ ഉൾപ്പെടെ പിടിച്ചെടുത്തു.
നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എസ്.എൽ. സോൺ സുന്ദർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത എസ്. പിള്ള, അമൽ പി. നായർ എന്നിവരും എസ്.ഐ ആർ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. മെഡിക്കൽ ഓഫിസർ ഡോ. ആർ. ഹരികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ റസിയ ബീഗം എന്നിവരുമെത്തി.
കെട്ടിടത്തിന്റെ വരാന്തകളും മുറികളും പരിസരവുമെല്ലാം വൃത്തിഹീനമാണ്. ശുചിമുറികളും മലിനമാണ്. കെട്ടിടത്തിന്റെ പിൻഭാഗത്തേക്കാണ് മാലിന്യവും മലിനജലവും തള്ളുന്നത്. ഇത് ഇടുങ്ങിയ തോട്ടിലൂടെ സമീപത്തെ പുഞ്ചയിലേക്കാണ് ഒഴുകിയെത്തുന്നത്. ഒരുസുരക്ഷാക്രമീകരണവുമില്ലാതെയാണ് പത്തോളം ഗ്യാസ് സിലിണ്ടറുകളും സൂക്ഷിച്ചിട്ടുള്ളത്. കൊച്ചുകുട്ടികളും സ്ത്രീകളുമടക്കമാണ് ഇവിടെ താമസം.
