വിവാഹം 6 മാസം മുൻപ്, ഗർഭിണി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; പീഡനം നേരിട്ടെന്ന് ആരോപണം, ഭർത്താവ് കസ്റ്റഡിയിൽ

news image
Nov 27, 2025, 5:32 am GMT+0000 payyolionline.in

 

വരന്തരപ്പിള്ളി (തൃശൂർ) ∙ മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചനയാണ് (20) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വീടിനു പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം. സംഭവത്തിൽ ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിന്റെ അമ്മ പോയിരുന്നു. തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഫൊറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പ്രണയത്തിലായിരുന്ന ഷാരോണും അർച്ചനയും  ആറുമാസം മുൻപാണ് വിവാഹിതരായത്. അർച്ചന ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടുവെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe