ബേപ്പൂർ: കടലിൽ അപകടത്തിൽപ്പെടുന്ന യാനത്തിന്റെ സ്ഥാനം കണ്ടെത്തി കരയിൽ അറിയിക്കാനാവുന്ന ട്രാൻസ്പോണ്ടർ സംവിധാനം സംസ്ഥാനത്തെ 12,991 ഓളം മത്സ്യബന്ധന യാനങ്ങളിൽ സൗജന്യമായി സ്ഥാപിക്കുന്നു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ 3,563 യന്ത്രവത്കൃത ബോട്ടുകളിലും 9,428 പരമ്പരാഗത വള്ളങ്ങളിലും ട്രാൻസ്പോണ്ടർ ഘടിപ്പിക്കാനാണ് ലക്ഷ്യം. തിരുവനന്തപുരം-233, കൊല്ലം-652, എറണാകുളം-494, കോഴിക്കോട്-431 എന്നിങ്ങനെ 1810 യാനങ്ങളിൽ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു.
ഉൾക്കടലിൽ യാനങ്ങളിലുള്ള തൊഴിലാളികൾക്ക് കരയിലേക്ക് ആശയവിനിമയം സാധ്യമാക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത സംവിധാനമാണ് ‘നഭ്മിത്ര’ ട്രാൻസ്പോണ്ടർ. ഇത് ഘടിപ്പിച്ച യാനങ്ങളെ കടലിൽ അനായാസം കണ്ടെത്താം. ജി സാറ്റ്-6നെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഉപകരണം ഐ.എസ്.ആർ.ഒ ആണ് വികസിപ്പിച്ചത്. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡാണ് നിർവഹണ ഏജൻസി. പരമ്പരാഗത വള്ളങ്ങൾക്ക് ഇതിനാവശ്യമായ ബാറ്ററിയും നൽകും.
മത്സ്യബന്ധനത്തിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് കടലിൽ സുരക്ഷ ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ 13 തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു ലക്ഷം മത്സ്യബന്ധന യാനങ്ങളിൽ തദ്ദേശീയമായി വികസിപ്പിച്ച ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിക്ക് 364 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ‘പ്രധാൻമന്ത്രി മത്സ്യസമ്പദ് യോജന’ പദ്ധതിയിൽ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. അക്ഷരാഭ്യാസം കുറവുള്ളവർക്കുപോലും മനസ്സിലാകുന്ന തരത്തിലാണ് സംവിധാനത്തിന്റെ പ്രവർത്തനം.
കടലിൽ പോകുന്ന മീൻപിടിത്ത തൊഴിലാളികൾക്ക് ‘നഭ്മിത്ര ആപ്ലിക്കേഷൻ’ ബ്ലൂടൂത്ത് വഴി മൊബൈലുമായി ബന്ധിപ്പിച്ച് നൽകും. കാലാവസ്ഥാ-ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ അലാറമായും, പ്രാദേശിക ഭാഷയിൽ ടെക്സ്റ്റ് മെസേജ് (സന്ദേശ രൂപത്തിൽ) ആയും ഉൾക്കടലിലുള്ള യാനങ്ങളിൽ ലഭിക്കും.
ബോട്ട് മുങ്ങുക, തീപിടിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ നഭ്മിത്ര കൺട്രോൾ സെന്ററിൽ സ്ഥലം അടക്കമുള്ള വിവരം ലഭിക്കുകയും കൺട്രോൾ സെന്ററിൽ നിന്നുള്ള മറുപടി തൊഴിലാളികൾക്ക് വളരെ വേഗത്തിൽ ലഭിക്കുകയും ചെയ്യും. കപ്പൽചാലുകൾ, രാജ്യാന്തര സമുദ്ര അതിർത്തി എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭ്യമാക്കും. മത്സ്യലഭ്യതയുള്ള ഭാഗങ്ങളും ട്രാൻസ്പോണ്ടറിലൂടെ അറിയാനാകും. ഇവ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഫിഷറീസ് വകുപ്പ് നൽകും.
