ബേപ്പൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു

news image
Dec 1, 2025, 1:54 pm GMT+0000 payyolionline.in

ബേപ്പൂർ: അരക്കിണറിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10,000 രൂപയും ഒന്നര പവനും കവർന്നു. ചിന്ത റോഡിൽ കമ്പിട്ടവളപ്പിൽ ഒറ്റയിൽ അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണു കൈക്കലാക്കിയത്. അബ്ദുൽ ലത്തീഫിന്റെ മകളുടെ ഗൃഹപ്രവേശമായിരുന്നു ഇന്നലെ. പുലർച്ചെ 4.30 വീട് അടച്ചു കുടുംബം മകളുടെ പുതിയ വീട്ടിലേക്ക് പോയതായിരുന്നു. രാവിലെ 9ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അലമാര കുത്തിത്തുറന്ന് കിടക്കുന്നതു കണ്ടു.

 

പരിശോധിച്ചപ്പോൾ അടുക്കള വാതിലും തുറന്നതായി കാണപ്പെട്ടത്. കള്ളൻ കയറിയതാണെന്നു മനസ്സിലായതോടെ മാറാട് പൊലീസിൽ അറിയിച്ചു. ഇൻസ്പെക്ടർ റിൻസ് എം.തോമസ്, എസ്ഐ കെ.ദിലീപ്, ഫറോക്ക് എസിപി ക്രൈം സ്ക്വാഡ് എഎസ്ഐ പി.അരുൺകുമാർ, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ എ.ഒ.വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും എ.വി.ശ്രീജയ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. തൊട്ടടുത്ത് വീടുകളുള്ള ഇവിടെ അടച്ചിട്ട വീട്ടിൽ മോഷണം നടന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസും എസിപി ക്രൈം സ്ക്വാഡും അന്വേഷണം തുടങ്ങി. മാറാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe