വടകര:തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വടകര നഗരസഭയിൽ മുപ്പത് സീറ്റുകൾ നേടി എൽ.ഡി.എഫ് ഭരണം നില നിർത്തുമെന്ന് മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വടകര പത്ര പ്രവർത്തക യൂനിയൻ സംഘടിപ്പിച്ച “തദ്ദേശം-2025 “മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.
കഴിഞ്ഞ ഭരണ സമിതി നൽകിയ 115 വാഗ്ദാനങ്ങളിൽ 109 എണ്ണവും പൂർത്തീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ പദ്ധതികളായ അതി ദാരിദ്ര്യ മുക്ത നഗരസഭ, പാർപ്പിടം ഇല്ലാത്തവർക്ക് പാർപ്പിടം എന്നിവ വിജയകരമായി നടപ്പിലാക്കി.
വീടുകൾ ഇല്ലാത്ത 779 പേർക്ക് വീടുകൾ നൽകി. 11,000 ത്തിൽ ഏറെ പേർക്ക് പെൻഷൻ നൽകിയതിലൂടെ വലിയ ഇടപെടൽ നടത്തിയതായും നേതാക്കൾ പറഞ്ഞു. മാലിന്യ മുക്ത പദ്ധതിലൂടെ നിരവധി പുരസ്കാരങ്ങൾ നഗരസഭ നേടിയെടുത്തു. നഗരസഭ ജല ബജറ്റ് ആദ്യമായി അവതരിപ്പിച്ചു.
സ്പെയ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ നേടിയെടുത്തു. പാലിയേറ്റിവ് രംഗത്ത് നഗരസഭ നടപ്പിലാക്കിയ “അരികെ”എന്ന പദ്ധതി സംസ്ഥാനം തന്നെ ഏറ്റെടുത്ത പദ്ധതിയാക്കി മാറി. നഗരസഭാ സാംസ്കാരിക ചത്വരം,സാംസ്കാരിക അക്കാദമി രൂപീകരണം,1200 ഓളം കുട്ടികൾക്ക് പരിശീലനം നൽകിയ നീന്തൽ കുളം തുടങ്ങി നിരവധി വികസന പദ്ധതികളാണ് കഴിഞ്ഞ ഭരണ സമിതി നടപ്പിലാക്കിയത്.
നഗരസഭയിലെ ജീവനക്കാർക്കെതിരെയുള്ള അഴിമതി ആരോപണം സംബന്ധിച്ച ചോദ്യത്തിന് ചെയർപേഴ്സൻ കെ.പി. ബിന്ദു മറുപടി നൽകി. ജീവനക്കാർക്കെതിരെ അഴിമതി ഉന്നയിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷത്തു നിന്നോ പൊതു ജനങ്ങളിൽ നിന്നോ പരാതി വരാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നപ്പോൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയെന്നും താൽക്കാലികമായി സസ്പെൻഷൻ പിൻവലിക്കുകയാണുണ്ടായതെന്നും പുനഃ പരിശോധനക്ക് ആവശ്യപ്പെടുമെന്നും ബിന്ദു പറഞ്ഞു.
നഗരത്തിലെ കച്ചവട സമൂഹം പ്രതിസന്ധിയിലായ സംഭവത്തിൽ സമഗ്ര അഴുക്ക് ചാൽ പദ്ധതി നടപ്പിലാകുന്നതോടെ ഇതിനൊരു പരിഹാരമാകുമെന്നും നിലവിൽ ദേശീയ പാതയുടെ പ്രവൃത്തി നടക്കുന്നതിനാലാണ് പദ്ധതി നടപ്പിലാക്കാൻ പ്രയാസമുണ്ടാകുന്നതെന്നും ഇവർ പറഞ്ഞു. പതിനഞ്ച് വർഷം മുൻപ് തുടക്കം കുറിച്ച നാരായണ നഗറിലെ ബി. ഒ. ടി. മാൾ തുറന്ന് പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇരുപത്തി ആറര വർഷത്തെ എഗ്രിമെന്റാണ് ഹോളിഡേ ഗ്രൂപ്പുമായി ഉണ്ടാക്കിയത്.
മൊത്തമായി കെട്ടിടം വാടകക്ക് നൽകാൻ കഴിയാത്തതാണ് തുറന്ന് പ്രവർത്തിക്കാത്തതിന്റെ കാരണം. 22,32,000 രൂപ ഹോളിഡേ ഗ്രൂപ്പ് വർഷാവർഷം നഗരസഭക്ക് നൽകുന്നുണ്ടെന്നും എഗ്രിമെന്റ് കാലാവധി അവസാനിച്ചാൽ തിരികെ നഗരസഭ ഏറ്റെടുക്കുമെന്നും ഇവർ പറഞ്ഞു.
എൽ. ഡി. എഫ്. മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി. കുമാരൻ ,കെ.സി. പവിത്രൻ,കെ.പി. ബിന്ദു എന്നിവർ പങ്കെടുത്തു .വടകര പത്ര പ്രവർത്തക യൂനിയൻ പ്രസിഡന്റ് വി.പി. പ്രമോദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി സജിത് വളയം സ്വാഗതവും ഒ.കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞു .
