കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം പൊടിപൊടിക്കുകയാണ്. പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർ വാഹനചട്ടങ്ങൾ പാലിച്ചുള്ളവയായിരിക്കണമെന്നും നിയമാനുസൃതമായുള്ള രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ അരുൺ കെ. വിജയൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥിക്ക് ഇരുചക്ര വാഹനമുൾപ്പെടെ ഉപയോഗിക്കാം. എന്നാൽ, വാഹന പ്രചാരണ ചെലവ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയിൽ വരുന്നതാണ്. പ്രചാരണ വാഹനത്തിന് വരണാധികാരിയുടെ മുൻകൂർ അനുമതിവാങ്ങണം. സ്വകാര്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളിൽ പ്രചാരണം പാടില്ല.
വരണാധികാരിയാണ് പ്രചാരണവാഹനത്തിനുള്ള പെർമിറ്റ് നൽകുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സി/ ടൂറിസ്റ്റ് പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ്, ടാക്സ് അടച്ചതിന്റെ രേഖ, ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതമാണ് പെർമിറ്റിനായി വരണാധികാരിക്ക് അപേക്ഷ നൽകേണ്ടത്.
വരണാധികാരി നൽകുന്ന ഒറിജിനൽ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണുന്നവിധം പ്രദർശിപ്പിക്കണം. പെർമിറ്റിൽ വാഹനത്തിന്റെ നമ്പർ, സ്ഥാനാർഥിയുടെ പേര് എന്നിവയുണ്ടാക്കണം. തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തിൽ തെരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവയുടെ പ്രദർശനം, വീഡിയോ പ്രചാരണ വാഹനം എന്നിവയെല്ലാം മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കണം.
