സംസ്ഥാനത്ത് വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റുകൾ വ്യാപകമാകുന്നതിനെതിരെ മോട്ടോർവാഹന വകുപ്പ് കർശന നടപടികൾ ആരംഭിച്ചു.
വ്യാജ സർട്ടിഫിക്കറ്റ് നേടിയതായി സ്ഥിരീകരിച്ച 50 വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള പ്രക്രിയയും ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാണ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ പുകപരിശോധനാ കേന്ദ്രങ്ങളിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വാഹനങ്ങൾ പരിശോധനാ കേന്ദ്രങ്ങളിൽ എത്തിക്കാതെയും, മൊബൈലിൽ പകർത്തിയ ചിത്രം അയച്ച് പരിശോധന നടന്നതായി കാണിച്ച് രേഖകൾ സൃഷ്ടിക്കുകയായിരുന്നു പ്രധാന ക്രമക്കേട്.
വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ച് പരിശോധനാ ഫലം ജനറേറ്റ് ചെയ്തുവെന്നതും, OTP നിർബന്ധമാക്കിയിട്ടും രേഖകളിൽ പഴയ മൊബൈൽ നമ്പർ തുടർന്നുപയോഗിച്ചതും തട്ടിപ്പിന് വഴിവച്ചതായി കണ്ടെത്തി.
