‘ഗർഭപാത്രത്തിൽ കൈയിട്ട് ഞെരടി, ചോര കുടിച്ച രാക്ഷസാ… നീ ഇത്ര ക്രൂരനോ’; രാഹുലിനെതിരെ കവിതയുമായി ടി.സിദ്ദീഖ് എം.എൽ.എയുടെ ഭാര്യ

news image
Dec 4, 2025, 9:37 am GMT+0000 payyolionline.in

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ സമൂഹമാധ്യമങ്ങളിൽ കവിത എഴുതി ടി.സിദ്ദീഖ് എം.എൽ.എയുടെ ഭാര്യ ഷറഫൂന്നീസ.

ഗർഭപാത്രത്തിൽ കൈയിട്ട് ഞെരടി, ചോര കുടിച്ച രക്തരാക്ഷസാ .. നീ ഇത്ര ക്രൂരനോ എന്ന് ചോദിക്കുന്ന കവിതയിൽ പ്രണയം പുലമ്പി കടിച്ചുപറിച്ചത് ജീവനുള്ള മാംസപിണ്ഡം ആയിരുന്നുവെന്നും കാർക്കി തുപ്പിയത് വിശുദ്ധ വസ്ത്രത്തിലുമായിരുന്നുവെന്നും ഷറഫുന്നീസ പറഞ്ഞുവെക്കുന്നു. സമൂഹമാധ്യമങ്ങളിൽ കവിതകൾ നിരന്തരം പങ്കുവെക്കാറുള്ള ഷറഫൂന്നീസയുടെ ഏറ്റവും പുതിയ കവിതയിലാണ് രാഹുലിനെതിരെ വിമർശനം.

ഷറഫുന്നീസയുടെ വരികൾ

“ചുറ്റും

വിഷം തൂകിയ പാമ്പുകൾ

എന്നെ

വരിഞ്ഞുമുറുക്കുന്നു…

ഉറക്കം എനിക്ക്

അന്യമായി തീരുന്നു.

പൊളിഞ്ഞ ഗർഭപാത്രത്തിന്റെ

നിലവിളി—

സ്വപ്നങ്ങളെ

ചാലിച്ച പിഞ്ചു പൂവിനെ

പിച്ചിച്ചീന്തിയ കാപാലികാ,

നീ ഇത്രയും ക്രൂരനോ?

ഗർഭപാത്രത്തിൽ

കയ്യിട്ടു

ഞെരടി,

ചോര കുടിച്ച രക്തരാക്ഷസാ…

നീ ഇത്ര ക്രൂരനോ?

നീയും ഒരു അമ്മയുടെ

ഉദരത്തിൽ ജന്മം കൊണ്ട

മഹാപാപിയോ?

ഒരു പാവം പെണ്ണിന്റെ

ഹൃദയം പതിയെ തൊട്ട്,

പ്രണയം പുലമ്പി

കടിച്ചുപറിച്ചത്

ജീവനുള്ള മാംസപിണ്ഡം

ആയിരുന്നു.

കാർക്കി തുപ്പിയത്

വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…

ചീന്തിയ ചിറകുമായി

ആത്മാവ് വട്ടമിട്ട് പറക്കുമ്പോൾ,

ശാന്തി കണ്ടെത്താനാകാതെ…

അവളെ തളക്കാൻ ശ്രമിച്ച

ചോരപുരണ്ട നിന്റെ

പല്ലുകൾക്ക്

ദൈവം ഒരിക്കലും

ശക്തി തരില്ല.

അവിടെ നിന്നിൽ

സേവനം ചെയ്തത്

സാത്താനായിരുന്നു.

ഇത്—

രക്തത്തിൽ എഴുതപ്പെട്ട,

ചോര പൊടിഞ്ഞ

ആത്മാവിന്റെ വിധി.”

 

നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ആരോപണം ഉ‍യർന്ന സമയത്ത് അനാവശ്യമായി വേട്ടയാടപ്പെട്ട സ്ത്രീ കൂടിയാണ് ഷറഫുന്നീസ. ഭർത്താവ് ടി.സിദ്ദീഖിന്റെ കൂടെ രാഹുലിനൊപ്പം നിൽക്കുന്ന പഴയ ഫോട്ടോ പങ്കുവെച്ചായിരുന്നു സൈബർ ആക്രമണം. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ഷറഫുന്നീസ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe