മിക്ക വീടുകളിലെയും അടുക്കളകളില്‍ നേരിടുന്ന വലിയ പ്രശ്നമാണ് കബോര്‍ഡുകളിലെ പൂപ്പലും ചിതലും. തടി കൊണ്ടുള്ള ഷെല്‍ഫുകളുടെ ആയുസ് കുറയ്ക്കുന്നതാണ് ഈ ചിതല് പ്രശ്നം. അടുക്കളയിലെ കബോര്‍ഡുകളിലും ഡ്രോയറുകളിലും ഈര്‍പ്പം നിലനില്‍ക്കുന്നതാണ് ചിതലിന് വളരാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നത് എങ്ങനെയാണെന്ന് ആലോചിച്ച് പലരും തല പുകയ്ക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്നം ലളിതമായി പരിഹരിക്കാനും പ്രതിരോധിക്കാനും ചെലവ് കുറഞ്ഞ മാര്‍ഗങ്ങളുണ്ട്.
കബോര്‍ഡിനുള്ളിലെ ഈര്‍പ്പം നിയന്ത്രിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ഇതുകൂടാതെ വെള്ളത്തിന്റെ ചോര്‍ച്ച തടയുകയും വായുസഞ്ചാരം വര്‍ധിപ്പിക്കുകയും ചെയ്യണം. ചിതലിന്റെ വളര്‍ച്ച തുടങ്ങുന്നത് വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങളിലാണ്. കിച്ചണ്‍ സിങ്കുകള്‍, ഡിഷ് വാഷറുകള്‍, വാഷിങ് മെഷീനുകള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പ്ലംബിങ് സംവിധാനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ കൃത്യമായി പരിശോധിച്ച് ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കുക.
അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികള്‍ ചെയ്യുക. കബോര്ഡിനുള്ളിലും ഭിത്തിയിലും മറ്റുമുള്ള വിടവുകളും ദ്വാരങ്ങളും അടയ്ക്കുക. കിച്ചണ്‍ സിങ്കിനടിയില്‍ വെള്ളം തുള്ളി തുള്ളിയായി ചോരുന്നുണ്ടെങ്കില് അത് പരിഹരിക്കുക. ജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭിത്തിക്കും കാബിനറ്റിനും ഇടയിലുള്ള വിടവുകളും വിള്ളലുകളും സിലിക്കണ്‍ അല്ലെങ്കില്‍ എക്സ്പാന്‍ഡിങ് ഫോം ഉപയോഗിച്ച് അടയ്ക്കുക. ഇത് ഭിത്തിയില്‍ നിന്നുള്ള ഈര്‍പ്പം തടിയിലേക്ക് എത്തുന്നത് തടയും. വീടു നിര്‍മിക്കുമ്പോള്‍ തന്നെ ചിതലിനും ഈര്‍പ്പത്തിനും എതിരേ പ്രതിരോധം ഒരുക്കാം. തറയില്‍ നിന്നുള്ള ഈര്‍പ്പം കുറയ്ക്കാന്‍ കാബിനറ്റുകള്‍ അല്‍പ്പം ഉയര്‍ത്തുകയോ റബ്ബര്‍ കാലുകള്‍ ഘടിപ്പിക്കുകയോ ചെയ്യാം. മുറികളില്‍ ക്രോസ്-വെന്റിലേഷന് നിര്‍മിക്കാന്‍ ശ്രദ്ധിക്കുക. കാബിനറ്റിന്റെ പിന്നില്‍ ചെറിയ വെന്റ് ദ്വാരങ്ങള്‍ നല്‍കുന്നത് നല്ലതാണ്. പാചകം ചെയ്തതിനു ശേഷവും പാത്രങ്ങള്‍ കഴുകിയതിനു ശേഷവും കബോര്‍ഡിന്റെ വാതിലുകള്‍ ചെറുതായി തുറന്നിടുക. അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ എക്സ്ഹോസ്റ്റ് ഫാനുകള്‍ ഉപയോഗിച്ച് അന്തരീക്ഷ ഈര്‍പ്പം കുറയ്ക്കുക.
കബോര്‍ഡിനുള്ളിലെ പാത്രങ്ങളും മറ്റു സാധനങ്ങള്‍ ഇടയ്ക്കിടെ പുറത്തെടുത്ത് വായു സഞ്ചാരം ഉറപ്പാക്കുക. വായുസഞ്ചാരം ലഭിക്കുന്നത് ചിതലിനെയും പൂപ്പലിനെയും അകറ്റി നിര്‍ത്തും. ഈര്‍പ്പം ഇല്ലാതാക്കാന്‍ പാത്രങ്ങളിലെ നനവ് തുടച്ചുനീക്കുക. കബോര്‍ഡിനുള്ളിലെ ഈര്‍പ്പം കുറയ്ക്കാന്‍ സിലിക്ക ജെല്‍ പാക്കറ്റുകള്‍, ആക്റ്റിവേറ്റഡ് ചാര്‍ക്കോള്‍ പൗച്ചുകള്‍ എന്നിവ ഡ്രോയറുകളില്‍ നിക്ഷേപിക്കുക. ഇത് ഭക്ഷ്യ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കാന്‍ തുണി പൗച്ചുകള്ക്കുള്ളില് പാക്കറ്റുകള്‍ സൂക്ഷിക്കുക. ഈര്‍പ്പം ഗണ്യമായി കുറയ്ക്കാന്‍ ഈ മാര്‍ഗം സഹായിക്കും. പുതിയ കാബിനറ്റുകള്‍ നിര്‍മിക്കുമ്പോള്‍ ഈര്‍പ്പത്തെ പ്രതിരോധിക്കുന്ന തടി മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, മറൈന്‍ പ്ലൈവുഡ്, ഡബ്ള്യൂപിസി ബോര്‍ഡുകള്‍ എന്നിവ. ഇവ പൂപ്പലിനെയും ചിതിലിനെയും പ്രതിരോധിക്കും. കബോര്‍ഡിന്റെ തടി പ്രതലങ്ങള്‍ ഇടയ്ക്കിടെ പെയിന്റ് ചെയ്യുകയും വാര്‍ണിഷ് ചെയ്യുകയും ചെയ്യുക. സ്ഥിരമായി ഈര്‍പ്പമുള്ള വീടുകളില്‍ പ്രത്യേകിച്ച് മണ്‍സൂണ്‍ സമയത്ത്, മുറിയില്‍ ഈര്‍പ്പം കുറയ്ക്കാന്‍ ഡീഹ്യൂമിഡിഫയറുകള്‍ ഉപയോഗിക്കുക.
